തിരുവനന്തപുരം: തുടർച്ചയായി പെയ്തിറങ്ങുന്ന മഴയ്ക്ക് ഇന്നും ശമനമുണ്ടാവില്ലെന്നു സൂചന. അറബിക്കടലിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദങ്ങൾ മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറുമോ എന്നതാണു നിർണായകമെന്നും ചുഴലിക്കാറ്റിനുള്ള സാധ്യത തള്ളിക്കളയുന്നുമില്ലെന്നും വ്യക്തമാക്കി. ചുഴലിക്കാറ്റായി മാറിയാൽ റിമാൽ എന്ന പേരിലാവും അറിയപ്പെടുക. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദം ഞായറാഴ്ച യോടെ അതിതീവ്ര ന്യൂനമർദമായി ഒഡീഷാ തീരത്തെത്താനാണു സാധ്യത.
അധികം വൈകാതെതന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നും നിലവിൽ പെയ്യുന്ന മഴ വേനൽ മഴയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമാണു കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ പെയ്ത വേനൽമഴ മൂലം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലക്കണമെന്നും മുന്നറിയിപ്പുണ്ട്.