തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെയും ചൊവ്വാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയോടെ സംസ്ഥാനത്താകെ കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ഇടുക്കി ജില്ലയിലെ ഉടുന്പന്നൂരിലാണ്, 23 സെന്റീമീറ്റർ. കോഴിക്കോട് ജില്ലയിലെ ഉറുമിയിൽ 14 സെന്റീമീറ്ററും കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ 11 സെന്റീമീറ്ററും മഴ പെയ്തു.
കോട്ടയം ജില്ലയിലെ വടവാതൂരിൽ പത്ത് സെന്റീമീറ്ററും എറണാകുളം ജില്ലയിലെ ആലുവയിലും മലപ്പുറം ജില്ലയിലെ തവനൂരിലും ഒൻപത് സെന്റീമീറ്റർ വീതവും മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.