തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം കാലവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനും മുകളിലുള്ള അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് നിഗമനം. കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ്. എട്ട് സെന്റിമീറ്റർ മഴയാണ് ഇന്നലെ അങ്ങാടിപ്പുറത്ത് പെയ്തത്. പെരിന്തൽമണ്ണയിൽ ഏഴ് സെന്റിമീറ്ററും വടകര, പീലിക്കോട് എന്നിവിടങ്ങളിൽ ആറും തൊടുപുഴ, കുന്നംകുളം, ഇനമയ്ക്കൽ, വടക്കാഞ്ചേരി, കരുമാടി, പീച്ചി, വിലങ്ങൻകുന്ന് എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ വീതവും മഴ പെയ്തു. മറ്റ് 90 കേന്ദ്രങ്ങളിൽ നാല് മുതൽ ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.