തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തു. അടുത്ത നാലു ദിവസംകൂടി വ്യാപക മഴ തുടരുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണു സാധ്യത. അതിനാല്‍ ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.