തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 21 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴയ്ക്കാണ് സാധ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും ശക്തമായ കാലവര്‍ഷക്കാറ്റുമാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് ഇടയാക്കുന്നത്. വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്കി.
ഇന്ന് ആറു ജില്ലകളിൽ അവധി
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിൽ അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്കു മാത്രവും മറ്റു ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.