തിരുവനന്തപുരം: ദിവസങ്ങളായി വടക്കന്‍ കേരളത്തില്‍ തുടരുന്ന തീവ്രമഴയ്ക്ക് നാളെയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എവിടെയും തീവ്രമഴയ്ക്ക് സാധ്യതയില്ല. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ കേരളത്തില്‍ എവിടെയും കനത്ത മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അതേസമയം കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ സംസ്ഥാനത്താകെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ്. 13 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. കണ്ണൂര്‍, ആറളം, പനത്തൂര്‍ എന്നിവിടങ്ങളില്‍ 10 സെന്റിമീറ്ററും വടകര, കോഴിക്കോട്, വൈത്തിരി, ഇരിക്കൂര്‍, ചെറുവഞ്ചേരി, ചെമ്പേരി എന്നിവിടങ്ങളില്‍ ഒന്‍പത് സെന്റിമീറ്ററും മഴ പെയ്തു.
അതേസമയം ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍കൂടി കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.