തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. അതിനാല്‍ ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം, കാലവര്‍ഷത്തില്‍ ഇന്നലെവരെ സംസ്ഥാനത്ത് 14 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഇന്നലെവരെ 1224.2 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ 1057.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.