തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റുജില്ലകളിൽ മിതമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നുമാണു മുന്നറിയിപ്പ്.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.
മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണു മഴ തുടരുന്നത്.