തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപെട്ടു. തെക്കുകിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു.
വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.
അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.