തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.
കോമോറിന് തീരത്തായി ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നില്‍ക്കുന്നുണ്ട്. ഈ സ്വാധീനംമൂലമാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും.
കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുക. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികളില്‍ കുളിക്കാനോ മുറിച്ചു കടക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരുക. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.