തിരുവനന്തപുരം: കേരളത്തിൽ മൂന്നു ദിവസം അതിശക്തമായ മഴയ്ക്കു സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തീവ്രമഴ സാധ്യതയെത്തുടർന്ന് മൂന്നു ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണു വിവരം. 30ഓടെ കാലവർഷം എത്തിയേക്കും.
ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്തു ലഭിച്ചത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്കു നിർദേശമുണ്ട്. തിരുവനന്തപുരത്ത് ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി.
അട്ടക്കുളങ്ങര, മുക്കോലയ്ക്കൽ, കുമാരപുരം, ഉള്ളൂർ തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി. ചാല കന്പോളത്തിലും നിരവധി കടകളിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ പറഞ്ഞു. സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡുകൾ കുഴിച്ചതാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷമാക്കിയത്.
ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിരോധിച്ചു. മലയോര മേഖലയിലേക്കു യാത്രാനിരോധനം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിരുവനന്തപുരം ജില്ലയിൽ ഇന്നലെയും ഇന്നും നാളെയും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിൽ രാത്രിയാത്രയ്ക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു.