തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വെള്ളി, ശനി ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കൊഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
ടൗട്ടേ എന്ന പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഉൾപ്പെട്ടില്ല.
ആദ്യഘട്ടത്തിൽ ഒമാനിൽ തീരംതൊടും എന്ന് കരുതിയിരുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം നിലവിൽ മാറിയിട്ടുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒടുവിലെ മുന്നറിയിപ്പ്.
ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോടെ രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 200 മില്ലമീറ്ററിലധികം മഴ പെയ്യുമെന്നാണ് പ്രവചനം.
കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതും നിരോധിച്ചിട്ടുണ്ട്.
നിലവിൽ കടലിൽ പോയിരിക്കുന്നവരോട് എത്രയും വേഗം തീരത്ത് തിരിച്ചെത്താനും നിർദ്ദേശം നൽകി.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ കളക്ടറേറ്റുകളിൽ കണ്ട്രോൾ റൂമുകൾ തുടങ്ങാൻ സർക്കാർ നിർദ്ദേശം നൽകി.
ജില്ലാ ഭരണകൂടങ്ങളോട് മറ്റ് മുന്നൊരുക്കങ്ങൾ നടത്താനും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കാനുമാണ് നിർദ്ദേശം.