കൊച്ചി: മൂന്ന് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും 20 സെന്റിമീറ്ററിലധികം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. പിന്നീടാണ് മഴ മധ്യകേരളത്തിലാകും ശക്തമാകുക എന്ന റിപ്പോർട്ട് വന്നത്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മധ്യകേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും മാറുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണു ക്യാന്പുകളിലേക്കു മാറ്റുന്നത്. കൂട്ടിക്കൽ പഞ്ചായത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി.
വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ കൂടുതൽ ആളുകൾ ക്യാന്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറിത്താമസിച്ചിട്ടുണ്ട്. പകൽസമയങ്ങളിൽ ക്യാന്പിലെത്തി രജിസ്റ്റർ ചെയ്തു പോകുന്നവർ രാത്രിയോടെ ക്യാന്പിൽ തിരിച്ചെത്തുകയാണ് ചെയ്യുന്നത്.
തീക്കോയി വില്ലേജിലുള്ളവർക്ക് മംഗളഗിരി സെന്റ് തോമസ് എൽപി സ്കൂൾ, വെള്ളികുളം സെന്റ് ആൻറണീസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാന്പ് സജ്ജമാക്കിയിട്ടുള്ളത്. മംഗളഗിരി സ്കൂളിൽ ഞായറാഴ്ച ഒൻപതു കുടുംബത്തിലെ 30 ആളുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 27 കുടുംബങ്ങളിലെ 86 പേർ രജിസ്റ്റർ ചെയ്തു. വെള്ളികുളത്ത് 76 കുടുംബങ്ങളിലെ 240 പേർ ക്യാന്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തലനാട് ഗവണ്മെന്റ് എൽപി സ്കൂളിലെ ക്യാന്പിൽ 42 കുടുംബങ്ങളിലായി 163 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൂഞ്ഞാർ നടുഭാഗം വില്ലേജിൽ അടിവാരം, ഇടക്കര, കടമുരട്ടി മേഖലകളിലുള്ളവർക്കായി പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ക്യാന്പ് തുറന്നു.