കോട്ടയം: പ്രകൃതിയുടെ നന്മകളെ അറിയാനായി രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ആർഐഎൻഎഫ്എഫ്) 24 , 25 തീയതികളിൽ കുമരകത്ത് നടക്കും. ജയരാജ് ഫൗണ്ടേഷന്റെ ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ, കുമരകം ഗ്രാമപഞ്ചായത്ത്, കോട്ടയം ഫിലിം സൊസൈറ്റി, ഡിടിപിസി, ജെസിഐ സോണ്‍ 22 എന്നിവരുടെ നേതൃത്വത്തിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിൽ രണ്ട് വേദികളിലായിട്ടാണ് പ്രദർശനം.
അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. ഇതിൽ 25 ഇന്റർനാഷണൽ സിനിമയും ഉൾപ്പെടും. സ്കൂൾ, കോളജ് വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങളും ഉണ്ടാകും. പ്രകൃതിയെ അറിയാനും അവയെ സംരക്ഷിക്കാനും യുവതലമുറയെ പ്രോൽസാഹിപ്പിക്കുവാനുമുള്ള സംവിധാനമാണ് ഇതു വഴി ഒരുക്കുന്നതെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു.
ആലോചനായോഗം കോട്ടയം ടി ബിയിൽ ചേർന്നു. വി എൻ വാസവൻ എക്സ് എംഎൽഎ, പ്രദീപ് നായർ, ഡോ.അഭിലാഷ്, ഡോ. ബി.കെ ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ വി ബിന്ദു, കെ കേശവൻ എന്നിവർ പങ്കെടുത്തു.