തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് “റെഡ്’ അലേർട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച ഈ ജില്ലകൾക്കു പുറമെ കണ്ണൂരും അതിശക്തമായ മഴയുണ്ടാകും.
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കും.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണം. വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു.
ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി വീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്.
റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.