എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം സംസ്ഥാനം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നു. സംസ്ഥാനം മുഴുവൻ ദുരിതപ്പെരുമഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും പെരുമഴയാണ്. തെക്കൻ ജില്ലകളിലേക്കാൾ മഴ ശക്തം വടക്കൻ ജില്ലകളിലാണ്.
കോഴിക്കോട്, കണ്ണൂർ, ഇടുക്കി,കാസർഗോഡ് ജില്ലകളിൽ മഴയുടെ കാഠിന്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇത്തവണത്തെ കാലവർഷം ആരംഭിച്ച ശേഷം 29 പേർ മരിച്ചു. വീടു തകർന്നും വെള്ളത്തിൽ വീണും ഒഴുക്കിൽപ്പെട്ടും വൈദ്യുതി ലൈൻ പൊട്ടിവീണതിൽ നിന്നു ഷോക്കേറ്റുമാണ് മരിച്ചതിലധികവും. കടലിൽ മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞും മരണം സംഭവിച്ചിട്ടുണ്ട്.
കാസർഗോഡ് കണ്ണൂർ ജില്ലകളിലാണ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തു 29 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 1385 പേർ താമസിക്കുന്നുണ്ട്. 1992 വീടുകൾ ഭാഗീകമായും 139 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.
5675 ഹെക്ടർ കൃഷിയും നശിച്ചു. കോഴിക്കോട് കണ്ണൂർ മലപ്പുറം ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം കൂടുതൽ.റോഡു ഉൾപ്പടെയുള്ള പൊതു ഇടങ്ങളുടെ നാശനഷ്ടം വേറെ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലാണ് മഴ അതി ശക്തമായിരിക്കുന്നത്. കനത്ത മഴയോടപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും കടലാക്രമണവും രൂക്ഷമാണ്. പലജില്ലകളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മൂന്നാറിൽ പലയിടത്തും വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 12 വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലാണ് കനത്ത മഴ നാശം വിതച്ചത്. ഇതേത്തുടർന്ന് കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
കോട്ടയം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷണൽ കോളജുകളും ആംഗനവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക്, പാലക്കാട് അഗളിയിലെ ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലും ഹയർസെക്കൻഡറി സ്കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. കണ്ണൂർ ജില്ലയിൽ പലയിടത്തും പാലങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. മരങ്ങൾ വീണതുകാരണം പലയിടത്തും റോഡ്-റെയിൽ ഗതാഗതം മുടങ്ങി.