കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ താലൂക്കിലെ വിവിധയിടങ്ങളിൽ കനത്ത നാശം. ആനിത്തോട്ടത്ത് വീടിന്റെ ശുചിമുറിയും സംരക്ഷണഭിത്തിയും ഇടിഞ്ഞു താഴ്ന്നു. ചിറ്റാർപുഴയുടെ സമീപത്തു സ്ഥിതിചെയ്യുന്ന മറ്റൊരു വീടിന്റെയും സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. മൂന്നു വീടുകളുടെ സംരക്ഷണഭിത്തി ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന നിലയിലായതോടെ വീട്ടുകാർ ഭീതിയിലാണ്.
പള്ളിവീട്ടിൽ എം.എം. റസാക്കിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയും ശുചിമുറിയുമാണ് രാത്രി തോട്ടിലേക്ക് ഇടിഞ്ഞുവീണത്. കരിമലകുഴിയിൽ മുഹൈസ് മുസ്തഫ റാവുത്തറുടെ വീടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തോട്ടിലേക്ക് ഇടിഞ്ഞുവീണു. ബാക്കിഭാഗം ഏതു സമയവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. സമീപത്ത് താമസിക്കുന്ന തൈപറമ്പിൽ ടി.ഐ. ഷക്കീർ, കിഴക്കേയിൽ നാസറുദീൻ, ഇല്ലത്തുപറമ്പിൽ മുഹമ്മദ് ബഷീർ എന്നിവരുടെ വീടുകളുടെ ചുറ്റുമതിലും അപകടാവസ്ഥയിലാണ്.
അഞ്ചിലിപ്പയിൽ തോന്നക്കര പാപ്പച്ചൻ, പടിഞ്ഞാറേവീട്ടിൽ അപ്പച്ചൻ, വടക്കേയിൽ കുര്യാച്ചൻ എന്നിവരുടെ വീടുകളിലും അഞ്ചിലിപ്പ ഓമനക്കുട്ടന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തയ്യൽക്കടയിലും വെള്ളം കയറി.
ഇടക്കുന്നം മേഖലയിൽ കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയിൽ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി. ചിറ്റാർപുഴയിൽനിന്ന് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ വെള്ളം കയറിയതോടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പഴയിടം, അഞ്ചലിപ്പ, ഇരുപത്താറാംമൈൽ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറി.
പൈങ്ങനായിലെ വീടുകളിൽ നാശനഷ്ടം
പറത്താനം മലനിരയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം മുണ്ടക്കയം പൈങ്ങനാ ബൈപാസ് പാതയുടെ വശങ്ങളിലെ വീടുകളിൽ നാശനഷ്ടമുണ്ടാക്കി. അർധരാത്രി 12 കഴിഞ്ഞാണ് പൈങ്ങനാ തോട്ടിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നത്.
വീട്ടുപകരണങ്ങളും കിടക്കകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും എടുത്തു മാറ്റാൻ പോലും സമയം കിട്ടുംമുന്പേ വെള്ളം വീടുകളിൽ കയറി. പിന്നെ ജീവൻ രക്ഷിക്കാനായി വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളം മുറിക്കുള്ളിൽ കയറി വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ പാത്രങ്ങളും മറ്റും കുത്തൊഴുക്കിൽ ഒഴുകിപ്പോകുകയും ചെയ്തു.
കിഴക്കാലത്ത് ബബക്കർ സിദ്ദിഖ്, വാണിപുരയ്ക്കൽ കൊച്ചുമോൾ, മറ്റത്തിൽ പറമ്പിൽ ദേവസ്യ, വാലുപറമ്പിൽ അനിൽകുമാർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.