തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നാളെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ-ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്ന് തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു