തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. സംസ്ഥാന കൃഷി വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇന്നലെ വരെ 101.74 കോടി രൂപയുടെ കൃഷിനാശമുണ്ടായി. സംസ്ഥാനത്താകെ 8510.91 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. 26936 കർഷകരെയാണ് ഇതു ബാധിച്ചത്.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷി നാശമുണ്ടായത്. 2848.93 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചപ്പോൾ 1548 കർഷകരെ അത് പ്രതികൂലമായി ബാധിച്ചു. ഇന്നലെ വരെ 19.42 കോടി രൂപയുടെ നഷ്ടമുണ്ടായി.
ഇടുക്കിയിൽ 1880.46 ഹെക്ടറിലും ആലപ്പുഴയിൽ 746.81 ഹെക്ടറിലും കോഴിക്കോട് 746.36 ഹെക്ടറിലെയും കൃഷി നശിച്ചതിലൂടെ യഥാക്രമം 1.33 കോടി രൂപയുടെയും 14.7 കോടി രൂപയുടെയും 3.78 കോടി രൂപയുടെയും നഷ്ടമുണ്ടായി. എറണാകുളം-303.6 ഹെക്ടർ (8.41 കോടി), കണ്ണൂർ- 297.36 (9.6 കോടി), കാസർഗോഡ്-190.7 (15.27 കോടി), കാസർഗോഡ്-190.7 (15.2 കോടി), കൊല്ലം-29.21 (2.0 കോടി), കോട്ടയം-41.8 (2.47 കോടി), മലപ്പുറം-94.7 (9.34 കോടി), പാലക്കാട്-7.6 (0.71 കോടി), പത്തനംതിട്ട-50.14 (1.23 കോടി), തൃശൂർ-554.52 (3.9 കോടി) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നാശനഷ്ടത്തിന്റെ കണക്ക്.