തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.നാളെ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.