ഇത്തവണ മഴ മലയാളിയ്ക്ക് അന്യമായിരുന്നില്ല. ഏതാനും നാളുകളായി വേനല്‍ക്കാല മഴ തകര്‍ത്ത് മുന്നേറുകയാണ്. ഇതിനോടകം കേരളത്തില്‍ ശക്തമായിരിക്കുന്ന മഴയ്ക്ക് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ട് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും കേരളത്തെ തേടിയെത്തിയതായും ഇനിയങ്ങോട്ട് ശക്തമായ മഴയായിരിക്കുമെന്നുമാണ് ഇപ്പോള്‍ കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
കന്യാകുമാരിയുടെ തെക്ക് ശ്രീലങ്കന്‍ തീരത്തിന് അടുത്തായി രൂപപ്പെട്ടിരിക്കുന്ന രണ്ട് അന്തരീക്ഷച്ചുഴികളാണ് പുതിയ കാലാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. അന്തരീക്ഷത്തില്‍ ഉയരത്തിലായി കേന്ദ്രീകരിക്കുന്ന കാറ്റ് സമുദ്രോപരിതലത്തില്‍ ന്യുനമര്‍ദ്ദമായി മാറി ശക്തമായ കാറ്റും മഴയുമായി രൂപപ്പെടുന്നതായിട്ടാണ് വിലയിരുത്തല്‍. അതേസമയം എല്ലാ അന്തരീക്ഷ ചുഴികളും ന്യുനമര്ദ്ദമാകില്ല. എന്നാല്‍ നാലു ദിവസത്തേക്ക് കേരളത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് സൂചന.
മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും പറഞ്ഞിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി വേണമെങ്കില്‍ വെള്ളിയാഴ്ച വീണ്ടും കാലാവസ്ഥാന മുന്നറിയിപ്പ് നല്‍കാനുള്ള ഉദ്ദേശത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദം ഈ മാസം 29 വരെ നീണ്ടു നിന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
കാലവര്‍ഷം ഇത്തവണ 23 ന് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തില്‍ എത്തുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് 29 ന് കേരളത്തില്‍ എത്തുമെന്നും പറയുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ഇവിടെ എത്താന്‍ അനുകൂല സാഹചര്യമുണ്ടെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.