സംസ്ഥാനത്ത് കൊടും വരൾച്ച നേരിടുന്പോൾ മഴയ്ക്കായ് പ്രത്യേക പൂജ നടത്തി . തൃശൂരിലെ ഭക്തജന കൂട്ടായ്മ. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. ചൊവ്വ പുലർച്ചെ നാലോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്.
അസഹനീയമായ ചൂടിൽ ജനങ്ങൾ വലയുന്പോൾ മഴ പെയ്യിക്കുന്നതിനായി വരുണ ഭഗവാനെ പ്രീതിപ്പെടുത്താനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു. 40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു.
ഇതോടനുബന്ധിച്ച് വടക്കുംനാഥന് 51 കുടം ജലധാരയും, ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും, വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി.
മഴ ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്തി ദേവനെ പ്രീസിപ്പെടുത്തുക എന്ന തീരുമാനത്തിലെത്തിയതെന്ന് പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു. അത്യധികം ശുദ്ധിയോടെയും ഭക്തിയോടെയും വിശ്വാസത്തോടെയും ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ ആയിരം കുടം സഹസ്രകലശാഭിഷേകം ചെയ്ത് അതിന്റെ വിശിഷ്ട ജലംകൊണ്ട് ക്ഷേത്രത്തിലെ വരുണന്റെ ബലിക്കല്ല് മൂടുക എന്നതാണ് പൂജ.