പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ കനത്ത നാശം. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച അതിതീവ്രമഴ രാത്രി വൈകിയും പലയിടങ്ങളിലും തുടര്‍ന്നതോടെ നാശനഷ്ടം ഇരട്ടിച്ചു. കോന്നി വനമേഖലയോടു ചേര്‍ന്ന കൊക്കാത്തോട്, തണ്ണിത്തോട്, കലഞ്ഞൂര്‍ മേഖലയില്‍ വൈകുന്നേരത്തോടെ വന്‍ നാശനഷ്ടമുണ്ടായി. കൊക്കാത്തോട്ടിലേക്കുള്ള യാത്ര തടസപ്പെട്ടതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായി.
കൊക്കാത്തോട് പാതയില്‍ നിര്‍മാണത്തിലിരുന്ന വയക്കര ചപ്പാത്ത് ഒലിച്ചുപോയതോടെയാണ് യാത്ര തടസപ്പെട്ടത്. മറുകരയില്‍ കോന്നിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് അടക്കം രാത്രിയില്‍ കുടുങ്ങിയിരുന്നു. ഫയര്‍ഫോഴ്സ് സംഘത്തിനും മറുകര കടക്കാനായില്ല.
ഇന്നു രാവിലെ വെള്ളം താഴ്ന്നെങ്കിലും മറുകരയിലേക്ക് യാത്രാമാര്‍ഗം ഇല്ലാത്ത സ്ഥിതിയാണ്. കൊക്കാത്തോട്ടിലേക്കുള്ള യാത്ര പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കലഞ്ഞൂര്‍, ചെന്നീര്‍ക്കര, നാരങ്ങാനം, ഇലന്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും വന്‍തോതില്‍ നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഈ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയുടെയും ഇലന്തൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയായ ചുരുളിക്കോട് കൊട്ടതട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ രൂക്ഷത ഏറെയാണ്. വന്‍തോതിലാണ് മണ്ണും വെള്ളവും ഒഴുകിയെത്തിയത്. ജനവാസ മേഖലയല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്.
രാത്രിയിലും മഴ ശക്തമായി തുടര്‍ന്നതോടെ പമ്പ, കക്കാട്ടാറുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് നാരങ്ങാനം വലിയകുളം തോട്ടില്‍ കുളിച്ചുകൊണ്ടിരിക്കേ ഒഴുക്കില്‍പെട്ടു കാണാതായ വയോധിക സുധര്‍മയെ ഇനിയും കണ്ടെത്താനായിട്ടില്ല.
രാത്രിയാത്രയ്ക്ക് ഇന്നും നിരോധനം
രാത്രിയാത്രകള്‍ക്കുള്ള നിരോധനം രണ്ടുദിവസം കൂടി തുടരും. പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെ തുടരും. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ് കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നാളെ വരെ നിരോധിച്ചു.
ദുരന്ത നിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. ജില്ലയിലെ സാഹചര്യങ്ങള്‍ ഇന്നു രാവിലെ റവന്യുമന്ത്രി കെ. രാജന് ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി വിലയിരുത്തി.