സാഗര്‍ പേടിപ്പിക്കില്ല, ആശ്വാസത്തോടെ കേരളം

അടുത്ത 48 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ ചില പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഡന്‍ തീരത്ത് രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് തെക്ക്-തെക്കുകിഴക്ക് ദിശയിലേക്കു നീങ്ങുന്നതിനാല്‍, ഏഡന്‍ ഉള്‍ക്കടലിലും സമീപപ്രദേശത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നാണു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഏഡന്‍ കടലിനു കിഴക്ക്-തെക്കുകിഴക്കായി 170 കിലോമീറ്റര്‍ അകലെ സൊക്കാട്രോ ദ്വീപിനു പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 70 കിലോമീറ്റര്‍ ദൂരത്തിലുമായാണ് സാഗര്‍ ചുഴലിക്കാറ്റ്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ശക്തികുറഞ്ഞ് സോമാലിയന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യയിലെ തീരപ്രദേശങ്ങളെ ഇതു ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കേരളത്തില്‍ മേയ് 29-നു തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) എത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 23-നു ആന്‍ഡമാന്‍ സമുദ്രത്തിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും കാലവര്‍ഷം എത്തും.

Related posts