കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്പോഴും മഴക്കാലമെത്തിയതോടെ പകര്‍ച്ച വ്യാധികളെയും കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
കോവിഡ് ഭീതിക്കിടയിലും മറ്റു രോഗങ്ങളില്‍ നിന്നു പരമാവധി രക്ഷ നേടാന്‍ വ്യക്തിശുചിത്വം ഉൾപ്പെയുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
മഴക്കാലത്ത് രോഗങ്ങള്‍ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍. മറ്റൊന്ന് കാറ്റിലൂടെ പകരുന്നവ.
മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട രോഗങ്ങളാണ് വൈറല്‍ പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എച്ച്1എന്‍1, ചിക്കുന്‍ ഗുനിയ തുടങ്ങിയവ.
വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികള്‍ എന്നിവയിലൂടെയെല്ലാം രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്.
മഴ കൂടുന്തോറും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും.
അതിനാല്‍ വീടിനു ചുറ്റും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നതു വഴി ജലജന്യരോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.
കോവിഡ് രോഗഭീതിയുടെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ മൂലം വീട്ടിലിരിക്കുന്ന ആളുകള്‍ വീടുകളുടെ പരിസരം പരമാവധി വൃത്തിയാക്കി മഴക്കാല രോഗങ്ങളില്‍ നിന്നു രക്ഷനേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ ശീലങ്ങള്‍ പിന്തുടരാം
* രോഗങ്ങള്‍ തടയാന്‍ പരിസര ശുചിത്വം പാലിക്കുക, മാലിന്യ നിര്‍മാര്‍ജനം കൃത്യമായ രീതിയിൽ നടത്തുക
* ചൂടുവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം ഉപയോഗിക്കുക.
* ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക.
* പോഷകാഹാരങ്ങള്‍ കഴിക്കുക. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
* കൊതുക് വളരാന്‍ സാഹചര്യമൊരുക്കാതിരിക്കുക (വെള്ളം കെട്ടി നില്‍ക്കുന്നത് നശിപ്പിക്കുക.)
* പഴയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കരുത്.
* വെള്ളം ശേഖരിക്കുന്ന പത്രങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.
* ഭക്ഷണം കഴിക്കുന്നതിനു മുമ്പും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.