തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനൊപ്പം ബംഗാൾ ഉൾക്കടലിൽ കാറ്റുശക്തിയാകും.
ന്യൂനമർദ സ്വാധീനഫലമായി ശനിയും ഞായറും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമോ ശക്തമോ ആയ മഴ പെയ്യാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം കേരള തീരത്തേക്ക് എത്തുമെന്ന് വിലയിരുത്തിയിട്ടില്ല.
ന്യൂനമർദ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും കേരള- കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിലും ശനിയാഴ്ച തെക്കു കിഴക്ക് ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിലും 20-ന് തെക്ക് ബംഗാൾ ഉൾക്കടൽ,
മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ കിലോമീറ്റർ വേഗതയിലും 21-ന് തെക്ക് ബംഗാൾ ഉൾക്കടൽ, മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിലും കാറ്റുവീശാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.