തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. നാളെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 11 സെന്റീമീറ്റർ വരെയുമുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
ഇടുക്കിയിൽ പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്റീമീറ്റര്‍ വീതം ഉയർത്തും. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നതു കാരണമാണ് ഇത്.
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ മേഖല കേരളത്തിൽ അതിശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജൂണ്‍ നാല് വരെ കേരള തീരത്ത് നിന്നും ആരും മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ചൊവ്വാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഇന്നും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയും ചൊവ്വാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ നാളെ മുതൽ ചൊവ്വാഴ്ച വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.