സ്വന്തം ലേഖകൻ
എന്തായാലും ലോക്കായി, ലോക്ക് ഡൗൺ ആഘോഷമാക്കി, അതിജീവന തന്ത്രങ്ങളൊരുക്കുകയാണ് റെയ്നി ജോസും കുടുംബവും. മൊയലൻ അഗ്രോ പൈപ്പ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് റെയ്നി ജോസ്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം എല്ലാ മേഖലയിലും വൻ സാന്പത്തിക തകർച്ചയും പ്രതിസന്ധിയും ഉണ്ടാകും. തന്റെ ബിസിനസിനേയും ബാധിക്കും. എന്നാൽ ലോകജനതയെ വിഴുങ്ങുന്ന മഹാവ്യാധിയിൽനിന്നു രക്ഷനേടാൻ അടച്ചിടാതെ മറ്റൊരു മാർഗവുമില്ല. ഇങ്ങനെയൊരു അടച്ചിടലിനു നിർബന്ധിതരായവരാണ് എല്ലാവരും.
എന്തായാലും, പൈപ്പുകളിലുടെ തിളച്ചുമറിയുന്ന ബിസിനസ് ടെൻഷനുകൾ തത്കാലം കടത്തിവിടുന്നില്ല. പകരം ആ പൈപ്പുകളിലൂടെ ശീതളമായ മനശാന്തി ഒഴുക്കിവിടുകയാണ്. ലോ ക്ക്ഡൗണ്‍ ദിനങ്ങളെ കുടുംബത്തോടൊപ്പം ആനന്ദകരമാക്കി.
ഇതാദ്യമായാണ് ഇത്രയും കാലം പുറത്തിറങ്ങാതെ വീ ട്ടിൽതന്നെ ഇരിക്കേണ്ടിവന്നത്. ഒല്ലൂരിലെ വസതിയിൽ പത്നി രഞ്ജിതയ്ക്കും മക്കളായ പൂജ, ജോസ്, മരി യ എന്നിവർക്കുമൊപ്പം വീട്ടുജോലികൾ ചെയ്തും ഒന്നിച്ചു ഭക്ഷണം തയാറാക്കിയും കഴിച്ചും തമാശകളും പഴയ വിശേഷങ്ങൾ പങ്കുവച്ചുമെല്ലാം വീടിനെ സ്വർഗമാക്കി.
രാവിലെ വ്യായാമവും പത്ര വായനയുമെല്ലാം കഴിഞ്ഞാൽ ഓരോ ദിവസവും തിരക്കുള്ളതുതന്നെ. നേരന്പോക്കിനു ടിവി പരിപാടികളിലും ഇന്റർനെറ്റിലുമെല്ലാം കയറിയിറങ്ങി. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സ്നേഹത്തിന്റെ കൂട്ടായ്മ തളിർത്തു.
നഷ്ടംതന്നെ
ഒല്ലൂരിൽ 1987 ൽ ആരംഭിച്ച മൊയലൻ അഗ്രോ പൈപ്സ് 400 എംഎം ഡയാമീറ്റർ വരെയുള്ള പൈപ്പുകൾ നിർമിച്ചു വിപണിയിൽ എത്തിക്കുന്നുണ്ട്. പൊള്ളാച്ചിയിൽ ഒരു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീർണമുള്ള, വിദേശ യന്ത്രസംവിധാനങ്ങളുള്ള ഫാക്ടറിയുണ്ട്. ഇവിടെനിന്നും പിവിസി, എച്ച്ഡിപിഇ പൈപ്പുകൾ നിർമിക്കുന്നു.ഓരോ ദിവസവും ഭീമമായ നഷ്ടമാണ്. ബാങ്ക് ഇടപാടുകളുടെ പലിശ, വൈദ്യുതി ചാർജ്, ശന്പളം, അറ്റകുറ്റപ്പണി, നികുതി തുടങ്ങിയ ഇനങ്ങളിലെല്ലാം നഷ്ടംതന്നെ.
വിലവർധന
വിലനിർണയത്തിന് ഒരു രീതിയുണ്ട്. ഉൽപാദന ചെലവിന്റെ 12 മാസങ്ങളിലെ ശരാശരി കണ്ടെത്തിയാണ് ഉൽപന്നത്തിന്റെ വില നിശ്ചയിക്കുന്നത്. രണ്ടു മാസം ലോക്ക്ഡൗണായി നഷ്ടപ്പെട്ടാൽ സാന്പത്തിക വർഷത്തിലെ പത്തുമാസത്തെ ഉൽപാദനത്തിനു 12 മാസത്തെ ചെലവുകൊണ്ട് ഉൽപാദനച്ചെലവു കണക്കാക്കേണ്ടിവരും. അതായതു വില വർധിക്കും.
രാജ്യത്തു മാത്രമല്ല, ലോകമെങ്ങും ഉൽപാദിപ്പിക്കുന്ന മിക്ക ഇനങ്ങൾക്കും വിലവർധനയുണ്ടാകും. ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിയുന്നതിനനുസരിച്ചുള്ള വിലവർധനയും ഉണ്ടാകും. മാർച്ച് ഒന്നിനു ഡോളറിന് 71.50 രൂപയായിരുന്നു. ഇപ്പോഴത് 77 രൂപയായി.
നിർമാണ മേഖല
കേരളത്തിൽ നിർമാണ മേഖലയിൽ ഏറ്റവും തിരക്കുള്ള കാലമാണ് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ. ലോക്ക്ഡൗണ്‍ മൂലം ഒരു നിർമാണ പ്രവർത്തനവും നടക്കാതായി. ഇപ്പോൾ ഇളവു പ്രഖ്യാപിച്ചെങ്കിലും നിർമാണ മേഖല ഉണർന്നെണീറ്റിട്ടില്ല. ഈ മേഖലയിലെ വ്യവസായങ്ങളും വാണിജ്യവുമെല്ലാം നിലച്ചു. ഈ വർഷം 30 ശതമാനം തകർച്ച ഈ രംഗത്തുതന്നെയുണ്ടാകും.
സാന്പത്തിക പ്രതിസന്ധി നേരിടാൻ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടിവരും. ഉൽപാദനം വർധിപ്പിക്കേണ്ടതായും വരും. എങ്കിലേ വ്യവസായവും വാണിജ്യവും അടക്കമുള്ള ബിസിനസ് വളരൂ.
ഇളവുകൾ വേണം
കോവിഡ് 19 വ്യാപനം തടയാനുള്ള ലോക്ക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വ്യവസായ, വാണിജ്യമേഖലയ്ക്ക് അടിയന്തരമായി ചില ഇളവുകൾ നൽകണം. ബാങ്ക് ലോണുകൾ 25 ശതമാനമെങ്കിലും വർധിപ്പിച്ചുകിട്ടണം.
നിശ്ചിത വൈദ്യുതി ചാർജ് ആറുമാസത്തേക്ക് ഒഴിവാക്കണം. ജിഎസ്ടി പിഴയും ആറു മാസത്തേക്ക് ഒഴിവാക്കണം. കെട്ടിടനികുതി, ഭൂനികുതി, തൊഴിൽനികുതി മുതലായവ ആറുമാസത്തേക്ക് ഈടാക്കരുത്.
ക്രൂഡ് ഓയിൽ വില വൻതോതിൽ കുറഞ്ഞതിനാൽ ഡീസൽ, പെട്രോൾ വില കുറയ്ക്കണം. അസംസ്കൃത വസ്തുക്കൾക്കുള്ള ഇറക്കുമതിച്ചുങ്കത്തിലും ഇളവു വേണം. ബിസിനസ് വായ്പയ്ക്കു പലിശ സബ്സിഡി അനുവദിക്കുന്നതു സംരംഭങ്ങൾക്ക് ആശ്വാസമാകും.
ചെറുക്കാം, പ്രളയത്തെ
പ്രളയം പോലുള്ള ദുരന്തങ്ങൾ തുടരാനിടയാക്കരുത്. ഡാമുകളിലും പുഴകളിലും നിറഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്യണം. ഡാമുകളിലെ സംഭരണശേഷിയും പുഴകളിലെ നീരൊഴുക്കും വർധിപ്പിക്കാൻ ഇത് ഉപകരിക്കും. തോടുകളും കാനകളും ശുചീകരിക്കണം. മഴക്കാലം തുടങ്ങുന്നതിനുമുന്പ് ഇതു ചെയ്താലേ ഈ വർഷം പ്രളയത്തെ ചെറുക്കാനാകൂ.