കൊടും മഴയുടെ തണുപ്പിൽ പുതപ്പിന്റെ ചൂടേറ്റ് മൂടിപ്പുതച്ചുറങ്ങാൻ കൊതിയില്ലാത്ത ആരുതന്നെയില്ല. കളക്ടർ അവധി പ്രഖ്യാപിക്കുന്നത് അറിഞ്ഞിട്ടു വേണം എഴുന്നേൽക്കണോ വേണ്ടയോ എന്ന് ആലോചിക്കാൻ പോലുമെന്ന് ധരിക്കുന്ന വിരുതൻമാരും കുറവല്ല. അവധി തരാത്ത കളക്ടർമാരെ ട്രോളുന്നവൻമാരും ഇക്കൂട്ടത്തിലുണ്ട്.
മിക്ക സമയങ്ങളിലും അവധി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്പോൾ സ്വിച്ചിട്ട് നിർത്തിയ പോലെ മഴയും നിൽക്കാറുണ്ട്. എന്തൊക്കെ ആയാലും ഞങ്ങൾക്ക് അവധി മുഖ്യം ബിഗിലേ എന്നാണ് പിള്ളേര് സെറ്റിന്റെ പക്ഷം.
വരുന്ന അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് മിക്ക ജില്ലകളിലും കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കോരിച്ചൊരിയുന്ന മഴയത്ത് പോലും പത്തനംതിട്ട കളക്ടറുടെ മനസ് അവധി കൊടുക്കാൻ പാകത്തിന് കഴിഞ്ഞിട്ടില്ലന്ന് സാരം.
കഴിഞ്ഞ ദിവസം മറ്റെല്ലാ ജില്ലകളിലും മഴയെത്തുടർന്ന് അവധി കൊടുത്തപ്പോൾ പത്തനംതിട്ടയിൽ മാത്രം പ്രവൃത്തി ദിവസമായിരുന്നു. ഇതിനെ ട്രോളി പല വിദ്യാർഥികളും കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ട്രോളുകളുടെ പേമാരി തീർത്തു. എന്നാൽ കളക്ടർ വിടുന്ന മട്ടില്ലാതെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നെഗറ്റീവ് കമന്റിട്ട എല്ലാ വിദ്യാർഥികളേയും രക്ഷിതാക്കളെയും നൈസായങ്ങ് പൊക്കി താക്കീതും കൊടുത്തു.
അയ്യോ സാറേ എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തതാണ്, ഞാനല്ല ആ കമന്റിട്ടതെന്ന് പറഞ്ഞ് തടിയൂരാൻ നോക്കിയവനെക്കൊണ്ട് സൈബർസെല്ലിൽ പരാതിപ്പെടാമെന്ന് പേടിപ്പിച്ചപ്പോൾ തത്ത പറയും പോലെ സത്യങ്ങൾ താനേ പുറത്ത് വന്നു. താൻ തന്നെയെന്ന് ഒടുവിൽ കുറ്റസമ്മതം നടത്തേണ്ടി വന്നു അവന്. അങ്ങനെ പോകുന്നു മഴക്കമന്റുകളുടെ രസക്കാഴ്ചകൾ.
ഇന്നും പതിവു പോലെ മഴയെത്തുടർന്ന് മറ്റ് ജില്ലകളിൽ അവധിപ്രഖ്യാപനം നടത്തിയപ്പോൾ പത്തനംതിട്ടയിൽ അവധിനൽകിയതുമില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ സമാന കാഴ്ചകൾ ഇന്ന് അരങ്ങേറിയില്ല. കളക്ടറെ പേടിച്ചിട്ടോ അതോ പഠിക്കാനുളള കൊതികൊണ്ടോ കമന്റു തൊഴിലാളികളെല്ലാം മൗനവ്രതത്തിലാണ്.