കാക്കനാട്: അമിതശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം ഘടിപ്പിച്ചിട്ടുള്ള ബൈക്കുകൾ കണ്ടെത്തി അവ നീക്കം ചെയ്യുന്ന നടപടികളുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. സൈലൻസറുകളിൽ മാറ്റങ്ങൾ വരുത്തി കാതടിപ്പിക്കുന്ന ശബ്ദങ്ങളോടെ പായുന്ന ബൈക്കുകൾ വർധിച്ച സാഹചര്യത്തിലാണു നടപടി.
അമിതശബ്ദം കുട്ടികൾക്ക് ശ്രവണശക്തി നഷ്ടപ്പെടാനും പ്രായമുള്ളവർക്ക് രക്തസമ്മർദം കൂടാനും ഗർഭസ്ഥ ശിശുക്കൾക്ക് പല വിധത്തിലുള്ള വൈകല്യങ്ങൾക്കും ഇടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശബ്ദശല്യത്തെക്കുറിച്ചു വ്യാപകമായി പരാതികളും അടുത്തിടെ ഉയർന്നിരുന്നു.ശബ്ദശല്യത്തിനു പിടികൂടുന്ന ബൈക്കുകൾ തൊട്ടടുത്ത വർക്ക് ഷോപ്പുകളിൽ എത്തിച്ച് അപ്പോൾ തന്നെ അമിതശബ്ദമുണ്ടാക്കുന്ന സംവിധാനങ്ങൾ നീക്കംചെയ്യും. ഈവിധം നീക്കുന്ന ഉപകരണം നശിപ്പിക്കുകയുംചെയ്യും. നേരത്തെ ഇത്തരം ബൈക്കുകൾ പിടികൂടിയാൽ നിശ്ചിത ദിവസത്തിനകം സൈലൻസർ മാറ്റിയശേഷം ഉദ്യോഗസ്ഥരുടെ പക്കൽ ഹാജരാക്കണമെന്ന് അറിയിച്ച് നോട്ടീസ് നല്കുകയായിരുന്നു പതിവ്.
ഈവിധം മാറ്റുന്ന സൈലൻസറുകൾ വേറെ ബൈക്കുകളിൽ ഘടിപ്പിക്കുന്നതായി തിരിച്ചറിഞ്ഞപ്പോഴാണു പുതിയ നീക്കം. ശബ്ദശല്യത്തിനു ബൈക്കുകൾ പിടിക്കുമ്പോൾ 2500 രൂപ പിഴ ഈടാക്കാവുന്നതും ആറു മാസം വരെ ആർ.സി സസ്പെൻഡ് ചെയ്യാവുന്നതും ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്കുകളുടെ ഹാൻഡിലുകളിൽ മാറ്റങ്ങൾ വരുത്തുക, മഡ് ക്ലാപ്പ്, മഡ് ഗാർഡ് എന്നിവ അഴിച്ചു മാറ്റുക തുടങ്ങിയവയിലും നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.നഗരത്തിൽ പരിശോധന ശക്തമാക്കിയതോടെ പ്രാന്തപ്രദേശങ്ങളിലാണിപ്പോൾ ഇത്തരം ബൈക്കുകൾ കൂടുതലും ചീറിപ്പായുന്നത്.
കഴിഞ്ഞ ദിവസം തോപ്പുംപടിയിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ പാഞ്ഞ ബൈക്ക് പിടികൂടി തൊട്ടടുത്ത വർക്ക് ഷോപ്പിലെത്തിച്ച് സൈലൻസർ മാറ്റി ഘടിപ്പിക്കുകയും നീക്കം ചെയ്ത സൈലൻസർ നശിപ്പിക്കുകയും ചെയ്തിരുന്നു. ആർടിഒ റെജി വർഗീസിന്റെ നിർദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ നൗഫൽ, എഎംവിഐമാരായ ശ്രീനിവാസ്, അശോക് കുമാർ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.