പത്തനാപുരം :റെയിൽവേ അച്ചടി നിർത്തിയതോടെ കട്ടി കടലാസിലെ ട്രെയിൻ ടിക്കറ്റ് ഓർമയാകുന്നു. മധുര ഡിവിഷന് കീഴിലുളള ഏതാനും ചില ഹാൾട്ട് സ്റ്റേഷനുകളിലെ ടിക്കറ്റുകൾ കൂടി തീരുന്നതോടെ, ബ്രിട്ടീഷ് കാലം മുതലുള്ള കട്ടിക്കടലാസ് ടിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറും.
ചെറിയ മഞ്ഞനിറത്തിൽ കാർഡ് രൂപത്തിലുള്ള കട്ടിക്കടലാസ് പിന്നീട് കട്ടി കുറച്ചാണ് അച്ചടിച്ചിരുന്നത്. കൊല്ലം – ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിലെ ചന്ദനത്തോപ്പ്, കുണ്ടറ , കുരി , കഴുതുരുട്ടി തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിലാണ് ടിക്കറ്റുകളിൽ ചിലത് അവശേഷിക്കുന്നത്.യാത്രക്കാർ കുറവായ സ്ഥലങ്ങളിലേക്കുളള ടിക്കറ്റുകളാണ് ഇപ്പോഴും അവശേഷിക്കുന്നത്.
അതേ സമയം യാത്രക്കാർ ഏറെയുളള കൊല്ലം – പുനലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുളളവർക്ക് മാസങ്ങൾക്ക് മുമ്പേ കംപ്യൂട്ടർ ടിക്കറ്റുകളാണ് നൽകുന്നത് . റെയിൽവേ ജീവനക്കാർ ഇല്ലാത്ത, ഏജന്റുമാർ വഴി ടിക്കറ്റ് നൽകുന്ന സ്റ്റേഷനുകളെയാണ് ഹാൾട്ട് സ്റ്റേഷൻ എന്നു വിളിക്കുന്നത്. ചിലവ് കൂടുതലായതു കൊണ്ടാണ് ഇത്തരം ടിക്കറ്റുകൾ റെയിൽവേ നിർത്തലാക്കിയത്.