ത്വക്ക് ചികിത്സയിൽ പിഴവുണ്ടായതുമൂലം തന്റെ മുഖം നീരു വന്ന് വീർത്തുവെന്ന ആരോപണവുമായി നടി രംഗത്ത്.
നീരുവന്ന മുഖത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചായിരുന്നു നടിയുടെ ആരോപണം.
തമിഴ് ബിഗ്ബോസ് ആദ്യ സീസണിലൂടെ ശ്രദ്ധേയയായ നടി റെയ്സ വിൽസൺ ആണ് ചികിത്സ നടത്തിയ ക്ലിനിക്കിനും ഡോക്ടർക്കുമെതിരെ രംഗത്തെത്തിയത്.
ക്ലിനിക്കിന്റെയും ഡോക്ടറുടെയും പേരും മറ്റു വിവരങ്ങളും റെയ്സ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.
താൻ ഫേഷ്യൽ ട്രീറ്റ്മെന്റിനാണ് പോയതെന്നും എന്നാൽ തന്നെ നിർബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയ്ക്ക് വിധേയമാക്കിയെന്നും നടി പറയുന്നു.
മുഖത്ത് പ്രശ്നമുണ്ടായശേഷം ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും ഡോക്ടർ സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും നടി പറയുന്നു.
ആലീസ്, കാതലിക്ക യാരുമില്ലൈ, ഹാഷ്ടാഗ് ലൗ എന്നീ ചിത്രങ്ങളാണ് ഇനി റെയ്സയുടേതായി പുറത്തിറങ്ങാനുള്ളത്.