കൽപ്പറ്റ: കോവിഡ് പ്രതിസന്ധി നാടിനെ വരിഞ്ഞു മുറുക്കുന്നതിനിടെ സ്വകാര്യ ബസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് അന്പലവയൽ പെരുന്പാടി കുന്നിൽ പാലഞ്ചേരി രാജമണി (48) ആണ് മരിച്ചത്.
വീടിനു സമീപത്തെ തോട്ടത്തിൽ വിഷം ഉള്ളിൽച്ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാർ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.
കടൽമാടുനിന്നും ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസിന്റെ ഓട്ടം നിലച്ചതോടെ സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സുഭദ്ര. മക്കൾ: സുധന്യ, ശ്രീനാഥ്. മരുമകൻ: നിതിൻ.
ഇന്നലെ വൈകുന്നേരം സുഹൃത്ത്കൂടിയായ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ബത്തേരി യൂണിറ്റ് സെക്രട്ടറി ബിനുരാജിനെ വിളിച്ച് സംഘടനയുടെ പേരിൽ എനിക്ക് ഒരു റീത്ത് വയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
കടബാധ്യതമൂലം പിടിച്ചുനിൽക്കാനാകുന്നില്ലെന്നും പോവുകയാണെന്നും പറഞ്ഞായിരുന്നു വിളിച്ചത്. തുടർന്ന് ബിനുരാജ് വിളിച്ചു പറഞ്ഞതനുസരിച്ചു സുഹൃത്ത് വീട്ടിലെത്തിയപ്പോൾ രാജമണിയെ വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
രാജമണിയുടെ ബസ് ഓടിയിരുന്നതു മൂന്ന് പഞ്ചായത്തുകളിൽ കൂടിയായതിനാൽ ടിപിആർ നോക്കിയുള്ള ലോക്ഡൗണിൽ മിക്കപ്പോഴും ബസിന് ഓടാൻ കഴിഞ്ഞിരുന്നില്ല.
അന്പലവയൽ, മേപ്പാടി, മൂപ്പൈനാട് എന്നീ പഞ്ചായത്തുകളിൽ കൂടിയായിരുന്നു ബസ് ഓടിയിരുന്നത്. അന്പലവയൽ പഞ്ചായത്ത് ലോക്ഡൗണിൽ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
പ്രതിസന്ധിയുടെ ഇര
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഇരയാണ് രാജമണിയെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹരിദാസ പറഞ്ഞു.
തന്റെ മരണം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകുമെങ്കിൽ അതുണ്ടാകട്ടെയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞതായി ഹരിദാസ് പറഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാണ് ലോക്ഡൗണ്മൂലം ഇല്ലാതായത്.
മക്കളുടെ വിദ്യാഭ്യാസം, ജീവിത ചെലവുകൾ, ബസിന്റെ അടവ് എല്ലാം ഇതിൽനിന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ബസ് ഉടമകളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഉടൻ പരിഹാരം കാണുമെന്നും അറിയിച്ചിരുന്നതാണ്എ
ന്നാൽ, യാതൊരു ഫലവുമുണ്ടായില്ല.ഡീസൽ വിലവർധന മൂലം ജില്ലയിലെ ബസുടമകളിൽ 90 ശതമാനവും ഇന്ധനക്ഷമതയുള്ള പുതിയ ബസുകളിലേക്കു മാറിയിരുന്നു. ലോക്ക്ഡൗണിൽ ബസുകളുടെ ഓട്ടം നിന്നതോടെ ഇവയുടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
40000 മുതൽ 60000 വരെ മാസം തിരിച്ചടവ് ഉള്ള ബസുകളാണ് ഇവയെല്ലാം. മൊറട്ടോറിയം പ്രഖ്യാപിച്ചാലും പലിശ വർധിക്കുന്നതിനാൽ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ജില്ലയിൽ 340 ഓളം ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ 270 ബസുകൾ മാത്രമാണുള്ളത്. ഇതിൽ 50 ശതമാനം ബസുകളും ലോക്ക്ഡൗണിനെ തുടർന്ന് ഓട്ടം നിർത്തിയിരിക്കുകയാണ്.
175 ഓളം അംഗങ്ങളുള്ള സംഘനടയിൽ എല്ലാവരും കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നതെന്നും ഹരിദാസ് പറയുന്നു.