മാവേലിക്കര: മാവേലിക്കരയുടെ വിദ്യാഭ്യാസ മണ്ഡലത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന പദ്ധതികൾ സ്ഥലപരിമിതികാരണം ഇല്ലാതാകുമെന്ന ആശങ്ക ഉയരുന്നു. നിയോജക മണ്ഡലത്തിൽ യുഐടി ആരംഭിക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് രണ്ടു വർഷം പിന്നിടുന്നു. സ്ഥലപരിമിതിയാണ് യുഐടി ആരംഭിക്കാൻ സാധിക്കാത്തതിനു കാരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രകലാ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്ന രാജാ രവിവർമ്മാ സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചുവെങ്കിലും സ്ഥലപരിമിതി കാരണം ഇതിന്റെയും പ്രവർത്തനം ബുദ്ധിമുട്ടിലാണ്.
യുഐടി യ്ക്ക് സ്ഥലം ഏറ്റെടുക്കാനായി സിൻഡിക്കേറ്റ് അംഗങ്ങൾ പരിശോധന നടത്തിയെങ്കിലും ഉചിതമായ സ്ഥലം കണ്ടെത്താനായിട്ടില്ല. സംഘം മാവേലിക്കര ഗവ ബോയ്സ് ഹയർസെക്കന്ററി സ്കൂളിനോട് ചേർന്ന ബുക്ക് ഡിപ്പോ യുഐടിയ്ക്കായി ഏറ്റെടുക്കാൻ ഉള്ള നീക്കം നടത്തിയെങ്കിലും കെട്ടിടത്തിന്റെ സുരക്ഷിതത്വം ഇല്ലായ്മ തടസമായി.
രാജാ രവിവർമ സെന്റർ ഓഫ്്എക്സലൻസ് ഇപ്പോൾ പ്രവർത്തിക്കുന്നത് രാജാ രവിവർമ കോളജിന്റെ അധീനതയിൽ മുൻപ് ചിത്രകലാ വിഭാഗം പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ്. എന്നാൽ കെട്ടിടത്തിലെ സ്ഥലപരിമിതി കാരണം കോഴ്സുകൾ പൂർണമായും നടത്താനാകാത്ത അവസ്ഥയിലാണ്. രണ്ട് സ്ഥാപനങ്ങൾക്കും സ്ഥലം ലഭ്യമല്ലാതെ കിടക്കുന്പോഴും പ്രവർത്തനം മാറ്റിയ ജനസേചന ഉപവിഭാഗത്തിന്റെ കൈവശം ഇരിക്കുന്ന നിരവധി കെട്ടിടങ്ങൾ വെറുതെ കിടക്കുന്നുമുണ്ട്.
നിലവിൽ കാടുപിടിച്ച നിലയിലാണ് ഈ കെട്ടിടങ്ങൾ. ഇവ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ചാൽ യുഐടി, രാജാരരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് എന്നീ സ്ഥാപനങ്ങൾക്ക് സ്ഥലം ലഭ്യമാകും. ജലസേചന ഉപവിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൈനർ ഇറിഗേഷന്റെയും മേജർ ഇറിഗേഷന്േറതുമായി ഒരോ ഓഫീസുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻപ് ക്ലോറൈഡ് ഫാക്ടറി പ്രവർത്തിച്ചിരുന്ന മാവേലിക്കര കന്പനിപടിയിൽ ഏക്കറ് കണക്കിന് വസ്തു നോർക്കയുടെ കൈവശം ഉണ്ട്.
എന്നാൽ നോർക്ക ഇവിടെ പുതിയ പദ്ധതികൾ ഒന്നും ആരംഭിക്കാതെ ഇവിടവും വെറുതെ കിടക്കുകയാണ്. നോർക്കയിൽ നിന്ന് ഈ സ്ഥലം യുഐടിയ്ക്കും രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസിനും ഏറ്റെടുത്ത് നൽകാമെന്ന് ജനപ്രതിനിധികൾ വാഗ്ദാനവും നൽകിയിരുന്നെങ്കിലും പാഴ്വാക്കായി. ഇതോടെ രണ്ടു സ്ഥാപനങ്ങളും മാവേലിക്കരയ്ക്ക് നഷ്ടമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. രണ്ടു സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായും വിവരമുണ്ട്.