കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ആസാം സ്വദേശിയെ കൊന്നു ചാക്കിലാക്കി പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയുമായി അന്വേഷണ സംഘം ഇന്ന് കോലഞ്ചേരിയിലെത്തും.
ആസാം സ്വദേശിയായ രാജാ ദാസ് (26) കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസ് ആണു പിടിയിലായത്.
ചെന്നൈക്കടുത്ത് കോയമ്പേടിൽനിന്നാണു പ്രതിയെ പിടികൂടിയത്. ഹൈദരാബാദിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നിൽക്കുന്ന സമയത്താണ് പ്രതിയെ പിടികൂടിയതെന്നു പോലീസ് സൂചന നൽകി.
പ്രതി ഈയിടെ മേടിച്ച മൊബൈൽ സിം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തമിഴ്നാട്ടിലേക്ക് ഇയാൾ കടന്നതായി സൂചന ലഭിച്ചതിനെത്തുടർന്നു നാലംഗ പോലീസ് സംഘത്തെ പുത്തൻകുരിശിൽനിന്നു തമിഴ്നാട്ടിലേക്ക് അയച്ചിരുന്നു.
നിരത്തുകട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിൽ പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ നിലയിലാണ് രാജാദാസിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. രാജാ ദാസ് ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്.
വലത് ചെവിയോട് ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തിൽ വെട്ടുകയായിരുന്നു. രാജാ ദാസിന്റെ മൃതദേഹം തൃശൂർ അടക്കമുള്ള പ്രദേശങ്ങളിൽ ജോലിയിലുള്ള ബന്ധുക്കളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ തിരുവാണിയൂർ പൊതുസ്മശാനത്തിൽ ഇന്നലെ വൈകിട്ട് സംസ്കരിച്ചു.
രാജാ ദാസിന്റെ ഭാര്യയെ വീഡിയോ കോളിലൂടെ സംസ്കാര ചടങ്ങുകൾ കാണിച്ചു.