കോട്ടയം: കോട്ടയം നഗരത്തില്‍ കോൺക്രീറ്റ് പാളി തലയില്‍ വീണു യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ നഗരസഭാധികൃതരുടെ അനാസ്ഥയെന്ന് ആരോപണം.
കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റാന്‍ നടപടി നേരിട്ട കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭ നീക്കം ആരംഭിച്ചിട്ട് നാളുകളായി.
അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന് പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ. ഏബ്രഹാമാ(42)ണു മരിച്ചത്.
നഗരമധ്യത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹോട്ടല്‍ രാജധാനിയാണ്. ഷോപ്പിംഗ് കോംപ്ലക്സിന്റെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്നിന്നും ഇടിഞ്ഞുവീണ ഈ കെട്ടിടം മാത്രം നഗരസഭ ഒഴിവാക്കിയിരുന്നു.
അപകടമുണ്ടാക്കിയ ഷോപ്പിംഗ് കോംപ്ലക്സ് ഭാഗം ഹോട്ടലുടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണ് പൊളിക്കലില്‍നിന്ന് ഒഴിവാക്കിയത്. കാലപ്പഴക്കം മൂലം പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്സിനൊപ്പം പണിത കെട്ടിടമാണ് തകര്‍ന്നു വീണത്.
കെട്ടിടത്തിനു ബലക്ഷയം ഇല്ലെന്നും പൊളിച്ചു കളയണ്ട കാര്യമില്ലെന്നും നഗരസഭാ അധികൃധര്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭാ അധികൃതരുടെ അനാസ്ഥയാണ് അപകടമുണ്ടാകാന്‍ കാരണമെന്നു നാട്ടുകാർ ശക്തമായി ആരോപിക്കുന്നത്.