കൊല്ലം: രാജ്യത്തെ ദീർഘദൂര ട്രെയിനുകളായ രാജധാനി-ശതാബ്ദി എക്സ്പ്രസുകൾക്ക് പകരം വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ ഓടിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ റെയിൽവേ ആരംഭിച്ച് കഴിഞ്ഞു.ഈ വർഷം അവസാനത്തോടെ രാജ്യത്ത് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങും.
അതിനു ശേഷമായിരിക്കും രാജധാനിയുടെയും ശതാബ്ദിയുടെയും ഘട്ടം ഘട്ടമായുള്ള മാറ്റം. ഇങ്ങനെ മാറ്റം വരുത്തുമ്പോൾ ഇവയുടെ കോച്ചുകൾ മറ്റ് റൂട്ടുകളിൽ പ്രയോജനപ്പെടുത്താനാണ് റെയിൽവേയുടെ പദ്ധതി.വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണ്.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പാണ് വന്ദേ ഭാരത് സ്ലീപ്പറുകൾ. മണിക്കൂറിൽ 200 കിലോമീറ്റർ സ്പീഡിൽ വരെ ഓടും എന്നതാണ് വന്ദേ സ്ലീപ്പർ ട്രെയിനുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇവ യാത്രാ സമയം കുറയ്ക്കുകയും സുഖകരമായ യാത്രാനുഭവം പ്രദാനം നൽകുകയും ചെയ്യും. അതിനാലാണ് രാജധാനിയും ശതാബ്ദിയും വന്ദേ സ്ലീപ്പറിലേയ്ക്ക് മാറ്റാൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്.
എയർ കണ്ടീഷൻഡ് ചെയർകാറുകളും സ്ലീപ്പർ കാറുകളും ഉൾപ്പെടുന്നതാണ് വന്ദേ സ്ലീപ്പർ ട്രെയിനുകൾ. 16 കോച്ചുകളാണ് വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഉൾപ്പെടുത്തുക. ഒരു കോച്ചിൽ 67 ബർത്തുകൾ ഉണ്ടാകും. മുകളിലത്തെ ബർത്തുകളിലേയ്ക്ക് പോകാൻ ക്ലൈംബിംഗ് ഗോവണിയും സജ്ജീകരിച്ചിട്ടുണ്ട്. അംഗ പരിമിതർക്കായി പ്രത്യേകം ബർത്തുകളും ഉണ്ട്.
ഇന്റർ കമ്യൂണിക്കേറ്റീവ് ഡോർ സംവിധാനമാണ് കോച്ചുകളിൽ ഉള്ളത്. ഏറ്റവും മെച്ചപ്പെട്ട സൗണ്ട് പ്രൂഫിംഗ് സംവിധാനവും ഉണ്ട്. ട്രെയിൻ ഓടുന്നതിന്റെ ഫീൽ യാത്രക്കാർക്ക് അനുഭവപ്പെട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത.ആകർഷമായ ഇന്റീരിയർ സംവിധാനം, സെൻസർ അധിഷ്ഠിത ലൈറ്റിംഗ്, കൂടുതൽ സൗകര്യപ്രദമായ ബർത്തുകൾ, വിശാലമായ ഇടനാഴികൾ എന്നിവയും മറ്റ് പ്രത്യേകതകളാണ്.
ആൻ്റി സ്പിൽ വാഷ് ബേസിനുകൾ ഘടിപ്പിച്ച ആധുനിക ടോയ്ലെറ്റുകളാണ് ഇതിൽ ഉള്ളത്. ഓരോ കോച്ചിലും അനുബന്ധമായി ചെറിയ പാൻട്രി സൗകര്യവും ഉണ്ടായിരിക്കും.കൂട്ടിയിടികൾ പോലുള്ള അസാധാരണ അപകടങ്ങൾ ഒഴിവാക്കാൻ കൊളിഷൻ അവോയിഡൻസ് സിസ്റ്റവും ( കവച് ) ഏർപ്പെടുത്തിയിട്ടുണ്ട്.
കോച്ചുകളുടെ സുരക്ഷാ പരിശോധനകൾ ഇതിനകം പൂർത്തിയായി. 160 കിലോ മീറ്റർ സ്പീഡിലുള്ള പരീക്ഷണ ഓട്ടവും വിജയകരമാണ്. 200 കിലോമീറ്റർ വേഗ പരിധിയിലുള്ള പരീക്ഷണ ഓട്ടം ജൂൺ അവസാന വാരം നടക്കും.
പൂനെ-സെക്കന്ദരാബാദ് റൂട്ടിലായിരിക്കും ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടുക എന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ ഈ റൂട്ടിൽ ശതാബ്ദി എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്നു വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് നിലവിൽ രാജധാനി എക്സ്പ്രസുകൾ സർവീസ് നടത്തുന്നത്.കേരളത്തിലും രാജധാനി ട്രെയിൻ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ സമീപഭാവിയിൽ കേരളത്തിനും വന്ദേ സ്ലീപ്പർ ട്രെയിൻ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
എസ്.ആർ. സുധീർ കുമാർ