ആലുവ(കൊച്ചി): മൂന്ന് വയസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ. ഇതര സംസ്ഥാനക്കാരായ ഷാജിത് ഖാൻ, ഭാര്യ ഹെന എന്നിവരെയാണ് ഏലൂർ എസ്ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിനു കേസെടുത്ത പ്രതികളെ നിരീക്ഷിച്ചുവരുന്നതായും കുട്ടിക്കു പരിക്കേറ്റതെങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, മൂന്ന് വയസുകാരെന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് രാജഗിരി ആശുപത്രി അധികൃതർ വൃത്തങ്ങൾ അറിയിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും തലയ്ക്കുള്ളിലെ രക്തസ്രാവം നിന്നിട്ടില്ലെന്നും അടുത്ത മണിക്കൂറുകൾ നിർണായകമാണെന്നും അധികൃതർ അറിയിച്ചു.
ഏലൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ പിതാവാണ് കുട്ടിയെ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിയിൽ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ നിലയിലുമായിരുന്നു കുട്ടി.
അമ്മയുടെ കൈയിൽനിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
ഒരു വർഷമായി ഷാജിത് ഖാൻ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. കഴിഞ്ഞ മാസമാണ് അമ്മയോടൊപ്പം കുട്ടി ഏലൂരെത്തിയത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് വീണിട്ടാണെന്നാണു മാതാവിന്റെ നിലപാട്. ഇതിൽ സംശയം തോന്നിയ പോലീസ് വിശദമായ ചോദ്യം ചെയ്യതിനുശേഷമാണു കേസെടുത്തത്.
വിവരമറിഞ്ഞ് ജില്ലാചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽസ് ലൈൻ പ്രവർത്തകരും ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടി പിതാവിന്റെ ക്രൂര മർദനത്തിനിരയായതായാണു അധികൃതർ സംശയിക്കുന്നത്. ജീവൻ നിലനിർത്താൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.