തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി വീണ്ടും ഒ.രാജഗോപാൽ. സാക്ഷരതയിലുംവിദ്യാഭ്യാസത്തിലും കേരളം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി വളരാത്തതെന്നാണ് ഒ. രാജഗോപാലിന്റെ പുതിയ പരാമർശം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആണ് രാജഗോപാലിന്റെ വിവാദപ്രസ്താവന.കേരളത്തിൽ 90 ശതമാനം ആണ് ആണ് സാക്ഷരത. ഇവിടെ ജനങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാസന്പന്നരായ ജനങ്ങളുടെ സ്വഭാവമാണ് കാണിക്കുന്നത്.
രാജഗോപാലിന്റെ വിവാദ പരാമർശം ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇലക്ഷൻ പ്രചാരണം ആരംഭിച്ചശേഷം നിരവധി വിവാദ പ്രസ്താവനകൾ ആണ് രാജഗോപാലിന്റെ ഭാഗത്തുനിന്ന് ബിജെപിക്കെതിരെ ഉണ്ടായത്.
നേമത്ത് കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി ആയപ്പോൾ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ രാജഗോപാൽ കെ.മുരളീധരനെ പ്രശംസിച്ചിരുന്നു.
പാർട്ടിക്കു പുറത്തും നിന്നും തനിക്കു ലഭിച്ച വ്യക്തിപരമായ വോട്ടുകൾ കുമ്മനം രാജശേഖരനു ലഭിക്കില്ലെന്ന് സ്ഥാനാർഥിയായ ശേഷം അനുഗ്രഹം തേടാൻ എത്തിയ കുമ്മനത്തെ അടുത്തിരുത്തി കൊണ്ട് രാജഗോപാൽ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
അതിനുശേഷം നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ ഓരോ മാധ്യമങ്ങൾക്കും അഭിമുഖം കൊടുക്കുമ്പോഴും വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നു.
വിവാദങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ അടക്കം രാജഗോപാലിനോടു പലകുറി ആവശ്യപ്പെട്ടെങ്കിലും മാധ്യമങ്ങളുടെ മുന്നിൽ എത്തുമ്പോൾ രാജഗോപാൽ ഇതെല്ലാം മറക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി കാണുന്നത്.
മുതിർന്ന നേതാവ് ആയതിനാൽ സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തെ തിരുത്തുന്നതിന് പരിമിതികളുണ്ട്. പാർട്ടിയെ വെട്ടിലാക്കുന്ന രാജഗോപാലിന്റെ പ്രസ്താവനകളോട് കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയാണ്.
ഒ. രാജഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്നതും ബിജെപിയെ വെട്ടിലാക്കുകയാണ്. പിണറായി വിജയൻ ലക്ഷ്യബോധമുള്ള നേതാവാണെന്നും ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് മുൻതൂക്കം എന്നും രാഷ്ട്രീയം നോക്കിയല്ല പ്രവർത്തനം നോക്കിയാണ് മുഖ്യമന്ത്രിയെ വിലയിരുത്തുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജഗോപാൽ പറഞ്ഞിരുന്നു.
ഇതെല്ലാം മാധ്യമങ്ങളിൽ വലിയ ചർച്ചയായപ്പോൾ പ്രതിരോധിക്കാനാവാതെ ബിജെപി നട്ടംതിരിയുകയാണ്.