തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ സംവരണം ദീർഘിപ്പിച്ച കേന്ദ്രതീരുമാനത്തെ അനുകൂലിക്കുന്ന പ്രമേയത്ത് എതിർത്ത് ബിജെപി എംഎൽഎ ഒര രാജഗോപാൽ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് രാജഗോപാലിന് അബദ്ധം സംഭവിച്ചത്. സഭാ നടപടികളുടെ തുടക്കത്തിൽ തന്നെ എതിർപ്പുമായി ചാടിവീണതാണ് രാജഗോപാലിന് അബദ്ധം സംഭവിക്കാൻ ഇടയാക്കിയത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കര്‍ ക്ഷണിച്ചപ്പോൾ എതിര്‍പ്പുമായി രാജഗോപാൽ എഴുന്നേൽക്കുകയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നതാണ് തന്റെ അഭിപ്രായമെന്ന് രാജഗോപാൽ പറഞ്ഞു.
എന്നാൽ സ്പീക്കര്‍ സ്റ്റാറ്റ്യൂട്ടറി പ്രമേയം അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത് പട്ടികജാതി-പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടിനൽകാനുള്ള പ്രമേയമായിരുന്നു. ഈ വിഷയത്തോട് രാജഗോപാൽ എംഎൽഎയ്ക്ക് എതിര്‍പ്പില്ലായിരുന്നു. ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പ്രമേയത്തെ അദ്ദേഹവും അനുകൂലിക്കുമെന്നാണ് താൻ കരുതുന്നതെന്നും സഭ ഇത് ഐക്യകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രമേയം പാസാക്കി.