സ്വന്തം ലേഖകന്‍
കോഴിക്കോട്: ഭരണത്തിലേറാന്‍ 35 സീറ്റ് ലക്ഷ്യമിട്ടുള്ള പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുന്നതിനിടെ നേതാക്കളുടെ വാക്കുകളില്‍ അടിപതറി ബിജെപി ക്യാമ്പ്.
എതിര്‍കക്ഷികള്‍ക്ക് ആയുധമാക്കാനുള്ള ഘടകങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തയാറാക്കി നല്‍കും വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
വിവാദ പ്രസ്താവനകള്‍ക്ക് തടയിടും
നേതാക്കളുടെ ഭാഗത്തു നിന്നുള്ള വിവാദ പ്രസ്താവനകള്‍ തടഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തി. കേന്ദ്രനേതൃത്വം മുമ്പാകെ ഇതിനകം കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്ന വിവാദ പ്രസ്താവനകളെ എങ്ങനെ തടയിടുമെന്നാണ് നേതൃത്വം ആലോചിക്കുന്നത്.
ഒ.രാജഗോപാൽ, ബാലശങ്കര്‍ എന്നിവരുടെ പ്രസ്താവനകളാണിപ്പോള് നേതൃത്വത്തിന് തലവേദനയായി മാറുന്നത്.
കോലീബി സഖ്യം അടഞ്ഞ അധ്യായം
കേരളത്തില്‍ കോണ്‍ഗ്രസ് -ലീഗ്-ബിജെപി (കോലീബി) സഖ്യമുണ്ടായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ഗുണമുണ്ടായെന്നുമാണ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ വെളിപ്പെടുത്തിയത്.
രാജഗോപാലിന്റെ പ്രസ്താവനയോട് പല നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന് വ്യക്തമാക്കി. കോലീബി സഖ്യം എന്നത് പഴയകഥയാണ്. ഇത് അടഞ്ഞ അധ്യായമാണ്.
ഓരോ വാക്കും സൂക്ഷിച്ച്
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം വിവാദ പ്രസ്താവനകള്‍ മറ്റു മുന്നണികള്‍ പ്രചാരണ ആയുധമാക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയ യുദ്ധമാണ്.
ആ യുദ്ധത്തില്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ക്ഷീണമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാവാന്‍ പാടില്ല. ചെറിയ കാര്യമാണെങ്കില്‍ പോലും എതിരാളികള്‍ അത് ആയുധമാക്കി ഉപയോഗിക്കും.
അത് ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും നേതാക്കളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്നും സി.കെ. പത്മനാഭന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പോരാട്ടസമയങ്ങളില് നാവില്‍നിന്ന് വീഴുന്ന ഓരോ വാക്കും എതിരാളികള്‍ ആയുധമായി ഉപയോഗിക്കും.
രാജഗോപാല്‍ പാര്‍ട്ടിയില്‍ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാവാണ്. കാര്യങ്ങള്‍ നേരെ വ്യക്തമാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി.
എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഘട്ടത്തിലാവുമ്പോള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ധാരണയുണ്ടെന്ന് വ്യക്തമാക്കി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആർ.ബാലശങ്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിട്ടുണ്ട്. ബാലശങ്കറിന്റെ ആരോപണം ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നുമാണ് മുകുന്ദന് വ്യക്തമാക്കിയത്.
സുരേന്ദ്രന് രണ്ട് സ്ഥലത്ത് മത്സരിക്കുന്നതിനെയും മുകുന്ദന് വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ പറയുന്നത്.