പള്ളുരുത്തി: കുമ്പളങ്ങി കണ്ടക്കടവിൽ പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും നാട്ടുകാർക്കും കണ്ണിനു വിരുന്നേകിയ രാജഹംസത്തിന് പാടശേഖരത്തിന് കുറുകെ വലിച്ചുകെട്ടിയ നൈലോൺ ചരടിൽ കുരുങ്ങി ഗുരുതര പരിക്ക്.
ചിറകിനു പരിക്കേറ്റ പക്ഷി ഭക്ഷണം കഴിക്കാനാവാതെ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയാണിപ്പോൾ രാജഹംസം. ഏതാനും നാളുകളായി കണ്ടക്കടവ് പാടശേഖങ്ങളിൽ പറന്നും നീന്തിയും കളിച്ചിരുന്ന രാജഹംസങ്ങളിലൊന്നിന്റെ വലത്തെ ചിറകാണ് നൈലോൺ ചരടിൽ കുരുങ്ങി ഒടിഞ്ഞുതൂങ്ങിയിരിക്കുന്നത്.
പറക്കാൻ കഴിയാതെ അസ്ഥയിൽ പാടത്ത് കിടന്നിരുന്ന രാജഹംസത്തെ കുമ്പളങ്ങിയിലെ നേച്ചർ ക്ലബ് അംഗങ്ങൾ ചേർന്ന് പാടത്തു നിന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് എത്തിയ കണ്ണമാലി സിഐ സജിമോനും നേച്ചർ ക്ലബ് അംഗങ്ങളും ചേർന്ന് എരൂരിലെ ഫെലിലെക്കൺ പെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് പറ്റിയതിനാൽ ഇരതേടാൻ സാധിക്കാതെ അവസ്ഥയിലായിരുന്നു രാജഹംസം.
വലത്തെ ചിറകിലെ പൊട്ടിയ അസ്ഥി പുറത്തേക്ക് വന്നതിനാൽ അവയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി രക്ഷാസംഘത്തിലുണ്ടായിരുന്ന പക്ഷി നിരീക്ഷകനായിരുന്ന എൻ.എക്സ്. റോബിൻ പറഞ്ഞു.
എക്സ് റേ റിപ്പോർട്ടിൽ രാജഹംസത്തിന്റെ പരിക്കേറ്റ ചിറകുകളിലെ അസ്ഥികൾ ഒടിഞ്ഞ് ദ്രവിച്ചതായും ഒരാഴ്ച നീണ്ട പരിക്കുകളാണുള്ളതെന്നും ഡോ. സുനിൽ പറഞ്ഞു.
പക്ഷി നിരീക്ഷകരായ രാജു ജോസഫ്, ബേയ്സിൽ പീറ്റർ, കുമ്പളങ്ങി നേച്ചർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാടങ്ങളിൽ നിന്ന് മത്സ്യങ്ങളെ ഇരതേടുന്നത് തടയിടുന്നതിനായി പാടശേഖത്തിന്റെ ഉടമകൾ പാടത്തിനു കുറുകെ വലിച്ചു കെട്ടുന്ന നൈലോൺ നൂലുകളാണ് പക്ഷികൾക്ക് വിനയാകുന്നത്.
ഇര തേടുത്തതിനായി അതിവേഗത്തിൽ താഴ്ന്നു പറന്നിറങ്ങുന്ന പക്ഷികളുടെ ചിറക് നൈലോൺ നൂലുകളിൽ കുരുങ്ങുന്നതോടെ ചിറകുകൾ അരിഞ്ഞു വീഴുന്ന അവസ്ഥയാണ്.
രാജഹംസവും പെലിക്കൻ പക്ഷികളും ഉൾപ്പെടെ അപൂർവമായ ആയിരക്കണക്കിന് ദേശാടന പക്ഷികൾക്ക് വില്ലതായി മാറിയിരിക്കുകയാണ് പാടങ്ങൾക്ക് കുറുകെ വലിച്ചുകെട്ടിയിരിക്കുന്ന നൈലോൺ ചരടുകൾ.