സ്വന്തം ലേഖകൻ
തൃശൂർ: ഉള്ളംകൈയിലെ മണ്ഡലം പോലും കൈവിട്ടുപോയതിന്റെ കാര്യകാരണങ്ങൾ തേടി സിപിഐ ജില്ല കൗണ്‍സിൽ യോഗം നാളെ. തൃശൂർ ലോക്സഭമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ തോൽവി തന്നെയാണ് നാളെ ചേരുന്ന സിപിഐ ജില്ല കൗണ്‍സിൽ യോഗത്തിലെ പ്രധാന ചർച്ചയാവുക. കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ മണ്ഡലത്തിൽ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തായിപ്പോയതും ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കും. ബിജെപിയാണ് തൃശൂർ നിയമസഭ മണ്ഡലത്തിൽ രണ്ടാമതെത്തിയത്.
എൽഡിഎഫ് വോട്ടുകൾ ചോർന്നത് അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും പാർട്ടിയിലെ ചില നേതാക്കൾക്കുണ്ട്. ജില്ല കൗണ്‍സിലിൽ ഈ ആവശ്യവും ഉന്നയിക്കപ്പെട്ടേക്കാം. വിവിധ നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫിന് വോട്ടുകുറഞ്ഞ സാഹചര്യം യോഗം ചർച്ച ചെയ്യും. പ്രചരണം വളരെ നേരത്തെ തുടങ്ങിയിട്ടും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ കഴിയാതെ പോയതിലെ പാളിച്ചകളും ജില്ല കൗണ്‍സിൽ യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎമ്മിൽ നിന്ന് വേണ്ടത്ര സഹകരണം ഇല്ലെന്ന ആക്ഷേപം സിപിഐക്കുള്ളിൽ ശക്തമാണ്. ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കണമെന്ന വാദവും ജില്ല കൗണ്‍സിൽ യോഗത്തിലുണ്ടാകാൻ സാധ്യതയുണ്ട്.ചില സിപിഎം നേതാക്കളുടെ പേരെടുത്ത് പറഞ്ഞുള്ള വിമർശനത്തിനും ചില സിപിഐ നേതാക്കൾ തയ്യാറായിട്ടുണ്ട്.സിപിഐക്കുള്ളിൽ ഗ്രൂപ്പിസം ശക്തമാകുന്നത് നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും നാളത്തെ കൗണ്‍സിൽ യോഗത്തിലുയരും.
തൃശൂരിലെ തോൽവിക്ക് ഒരു കാരണം പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവുമാണെന്ന് നേതൃത്വത്തിന് തന്നെ വ്യക്തമായിട്ടുണ്ട്.ചില നേതാക്കളുടെ വാട്സാപ്പ് സന്ദേശങ്ങളും പരസ്യ പ്രസ്താവനകളും പൊതുജനമധ്യത്തിൽ സിപിഐക്കുണ്ടായിരുന്ന വിശ്വാസ്യതയും ഇമേജും നഷ്ടപ്പെടുത്തിയെന്ന അഭിപ്രായവും കൗണ്‍സിലിൽ ചർച്ചയാകും.
യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ പ്രതീക്ഷിച്ചതിലുമധികം വോട്ട് നേടിയും ബിജെപി സ്ഥാനാർത്ഥി സുരേഷ്ഗോപി പ്രതീക്ഷിച്ച വോട്ടു നേടിയതും രാജാജിക്ക് പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ കഴിയാതെ പോയതും എങ്ങിനെയെന്ന വിലയിരുത്തൽ ജില്ല കൗണ്‍സിൽ യോഗത്തെ ചൂടേറിയ ചർച്ചയിലേക്ക് നയിക്കും.
ഇടതു പക്ഷത്തിന്റെ ഉറച്ച വോട്ടുകൾ ചോർന്നത് പാർട്ടിക്കുള്ളിൽ ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. സിറ്റിംഗ് എംപിയായിരുന്ന സി.എൻ.ജയദേവനെ വെട്ടി മറ്റൊരാളെ സ്ഥാനാർഥിയാക്കിയതിലെ തർക്കങ്ങളും സിപിഐക്കുള്ളിൽ തുടക്കം മുതലുണ്ടായിരുന്നു. സി.എൻ.ജയദേവന്റെയും കെ.പി.രാജേന്ദ്രന്റെയും പേരിനു ശേഷമായിരുന്നു രാജാജിയുടെ പേരുണ്ടായിരുന്നതെങ്കിലും അവസാന നിമിഷം രാജാജി സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പുറത്തു വന്നിരുന്നു.
വാട്സപ്പ് സന്ദേശങ്ങൾ വഴി സി.എൻ.ജയദേവനെതിരെ പാർട്ടിക്കുള്ളിൽ അപകീർത്തിപ്പെടുത്തിയതാണ് കെ.പി.രാജേന്ദ്രന്റെ സ്ഥാനാർഥിത്വം നഷ്ടമാകാൻ കാരണം. സിപിഎം വോട്ടുകളും രാജാജിക്ക് കിട്ടിയിട്ടില്ലെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ സിപിഎം നേതൃത്വം ഈ ആരോപണം തള്ളിക്കളയുകയാണ്. തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ മണ്ഡലത്തിൽ തന്നെ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്ക് പോയതാണ് പാർട്ടിക്ക് ഏറ്റവും നാണക്കേടായിരിക്കുന്നത്.
തൃശൂർ നിയോജകമണ്ഡലത്തിൽ സുരേഷ് ഗോപി 37641 വോട്ടുകൾ പിടിച്ചപ്പോൾ രാജാജി മാത്യുവിന് 31110 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഒന്നാം സ്ഥാനത്തുള്ള പ്രതാപൻ ഇവിടെ 55668 വോട്ടുകൾ നേടുകയും ചെയ്തു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏറ്റവും ആദ്യം പ്രചരണത്തിനിറങ്ങിയ രാജാജിക്ക് 3,21,456 വോട്ടുകൾ മാത്രമാണ് ഭിച്ചത്. സുരേഷ് ഗോപിക്ക് 2,93,822 വോട്ടുകൾ ലഭിച്ചു. സംസ്ഥാനത്തുടനീളം ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി തന്നെയാണ് തൃശൂരിലെ തോൽവിക്കും കാരണമെന്ന് എൽഡിഎഫ് പൊതുവെ വിലയിരുത്തുന്നുണ്ടെങ്കിലും സിപിഐ ജില്ല കൗണ്‍സിൽ യോഗത്തിൽ അത്തരത്തിലൊരു വിലയിരുത്തൽ ഉണ്ടാകാൻ സാധ്യതയില്ല.