ഫ്രാങ്കോ ലൂയിസ്
തൃശൂർ: സിറ്റിംഗ് എംപി സി.എൻ. ജയദേവനെ മാറ്റി സിപിഐ പഴയ യുവതുർക്കിയെ കളത്തിലിറക്കുന്നു. അപൂർവമായാണ് മിക്ക പാർട്ടികളും സിറ്റിംഗ് എംപിയെ മാറ്റി പരീക്ഷിക്കുന്നത്. ഭാഗ്യപരീക്ഷണത്തിനല്ല, ഈ മാറ്റം. മുൻ നിയമസഭാംഗവും ജനയുഗം പത്രത്തിന്റെ പത്രാധിപരുമായ രാജാജി മാത്യു തോമസിനെ തൃശൂരിൽ സ്ഥാനാർഥിയാക്കുന്നതു ജയദേവനേക്കാൾ വിജയങ്ങളുടെ രാജാവാകാൻ രാജാജിക്കു കഴിയുമെന്ന കണക്കുകൂട്ടലിലാണ്. എല്ലാവരോടും പുഞ്ചിരിയോടെ ഇടപഴകുന്ന ജനകീയ മുഖമാണ് രാജാജിയുടേത്.
സിറ്റിംഗ് എംപിയായ സി.എൻ. ജയദേവൻ ഇത്തവണയും മത്സരത്തിനു തയാറായിരുന്നു. മുൻ മന്ത്രിയും മുന്പ് ലോക്സഭാ സ്ഥാനാർഥിയുമായിരുന്ന കെ.പി. രാജേന്ദ്രന്റെ പേരും ജില്ലാ കമ്മിറ്റി ശിപാർശ ചെയ്തിരുന്നതാണ്. എന്നാൽ പട്ടികയിലെ മൂന്നാമത്തെ പേരുകാരനായ രാജാജിക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം കിട്ടിയത്.
സിപിഐ മുൻ ജില്ലാ സെക്രട്ടറിയായ സി.എൻ. ജയദേവൻ സ്വതവേയുള്ള ഗൗരവ സ്വഭാവക്കാരനാണ്. ചിരിക്കാൻ അൽപം പിശുക്കു കാണിക്കാറുമുണ്ട്. എന്നാൽ നാലഞ്ചു വർഷമായി പ്രസംഗ വേദിയിൽ കയറിയാൽ സദസിനെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള വൈഭവം തനിക്കുണ്ടെന്നു ജയദേവൻ തെളിയിച്ചിരുന്നു. എത്രതന്നെ ഗൗരവസ്വഭാവമായാലും ജയദേവനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. 1996 ൽ ഒല്ലൂർ നിയമസഭാ സീറ്റിൽ ജയിച്ചത് അതുകൊണ്ടാണ്.
തൃശൂരിൽ ഇത്തവണയും വിജയം ഉറപ്പാക്കണം. കൂടുതൽ സ്വീകാര്യനും ജനകീയനുമായ സ്ഥാനാർഥിയെ വേണമെന്നു സിപിഐ ഉറച്ച നിലപാടെടുത്തത് അതുകൊണ്ടാണ്. രാജാജി എന്ന അറുപത്തിനാലുകാരന് അങ്ങനെ നറുക്കുവീണു. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പീച്ചിക്കടുത്ത കണ്ണാറ സ്വദേശിയാണ്. ക്രിസ്ത്യൻ സമുദായത്തിനു സ്വാധീനമുള്ള മണ്ഡലമാണു തൃശൂർ.
ആ നിലയിലുള്ള പരിഗണന കിട്ടുമെങ്കിൽ അതൊരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയും ഉണ്ടാകാം. സിപിഐയിലെ പഴയ യുവതുർക്കികളിലൊരാളാണ് രാജാജി മാത്യു തോമസ്. എഐഎസ്എഫിലൂടെ വളർന്ന നേതാവ്. യുവജന സംഘടനയായ എഐവൈഎഫിന്റെ രാജ്യാന്തര നേതൃപദവിയിലെത്തിയിരുന്നു.
ഈ നിലയിൽ വിദേശങ്ങളിൽ പ്രവർത്തന പരിചയമുണ്ട്. 1985 മുതൽ 1996 വരെ ലോക ജനാധിപത്യ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ലോക യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ യുഎൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2006 ൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്ന് എംഎൽഎയായി. നിയമസഭ പരിസ്ഥിതി സമിതി ചെയർമാനായിരുന്നു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപർ, മീഡിയ അക്കാഡമി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
1990 മുതൽ 1996 വരെ എഐവൈഎഫ് ജനറൽ സെക്രട്ടറിയായിരുന്നു. സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം, കിസാൻസഭ തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.
1980 മുതൽ 1985 വരെ ജനയുഗം സബ് എഡിറ്റർ, തൃശൂർ ബ്യൂറോ ചീഫ്, ഡൽഹി ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. രണ്ടു മക്കൾ.