തൃശൂർ: തൃശൂർ ലോക്സഭാ ഇടതുമുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസിനു സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ല, വീടുമില്ല. 20 ലക്ഷം കടബാധ്യതയുള്ളതായും നാമനിർദേശ പത്രികയിൽ പറയുന്നു. സ്വന്തമായി വാഹനമില്ല. 30,296 രൂപ ബാങ്കിൽ നിക്ഷേപമായുണ്ട്. 5,000 രൂപ പണമായി കൈയിലുണ്ട്.
ഭാര്യ ശാന്തയുടെ പേരിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന 28 സെന്റ് ഭൂമിയും ഒരു പവൻ സ്വർണവുമുണ്ട്. മകൾ ധുന മരിയ ഭാർഗവിക്ക് ഒരു പവൻ സ്വർണവുമുണ്ട്. ഇതിന് 22,400 രൂപ വീതം വില കണക്കാക്കുന്നു. ഭാര്യയുടെ കൈവശം 3,000 രൂപയും മകളുടെ കൈവശം 1,000 രൂപയും പണമായുണ്ട്.
രാജാജിയുടെ പേരിൽ കേസുകൾ നിലവിലില്ല. രാജാജിയുടെ സഹോദരി ഷീലയുടെ പേരിലുള്ള കണ്ണാറയിലെ വീട്ടിലാണ് താമസം. ഈ സ്ഥലം ഈടു നൽകിയാണ് സഹകരണബാങ്കിൽനിന്നു വായ്പയെടുത്തിട്ടുള്ളത്. 39 വാടകവീടുകളിൽ മാറിമാറി താമസിച്ചിട്ടുണ്ട്.