തൃശൂർ: ഒടുവിൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി സിപിഐയുടെ രാജാജി മാത്യു തോമസിന്റെ തോൽവി അന്വേഷിക്കാൻ തീരുമാനം. രാജാജി മാത്യു തോമസിന്റെ തോൽവി അന്വേഷിക്കാൻ സിപിഐ ജില്ലാ കൗണ്‍സിലാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാതലത്തിലും, ലോക്കൽ തലത്തിലും ഇക്കാര്യത്തിൽ സൂക്ഷ്മ പരിശോധന നടത്താനും ജില്ലാ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് സിപിഐ നേരിട്ടത്. മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ചുമതലയിൽ പ്രവർത്തനം ഏകോപിപ്പിച്ച തൃശൂർ നിയോജക മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് ഗൗരവകരമായ അന്വേഷണത്തിന് തീരുമാനം.
പരാജയത്തിൽ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും ജില്ലാതലത്തിൽ പരിശോധന നടത്താനും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ നിന്നും പ്രത്യേകം ക്യാന്പ് നടത്തി പരിശോധിക്കാനും യോഗം തീരുമാനിച്ചു.
രാജാജി മാത്യു തോമസിനെ നിയോഗിച്ചതിൽ സിറ്റിംഗ് എംപിയായിരുന്ന സി.എൻ.ജയദേവൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു. കീഴ്ഘടകങ്ങളിൽ നിന്ന് ലഭിച്ച കണക്കുകളും പിഴച്ചതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
2014ൽ 38,227 വോട്ടുകൾക്ക് സി.എൻ.ജയദേവൻ വിജയിച്ചിടത്ത് 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2019ലെ പ്രതാപന്റെ വിജയം. 3,21,456 വോട്ടുകളാണ് രാജാജിക്ക് ലഭിച്ചത്. 2,93,822 വോട്ടാണ് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി നേടിയത്.