രാജാക്കാട്: മത്സ്യകൃഷിയിൽ കേരളത്തിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഹൈ ഡെൻസിറ്റി അക്വാകൾച്ചർ ഫാം നിർമിച്ച് ഒരുവർഷം പിന്നിടുന്പോഴും ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ലഭിക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് തങ്കച്ചൻ എന്ന കർഷകൻ. ലൈസൻസ് ലഭിക്കാത്തതിനാൽ സബ്സിഡി നിരക്കിലുള്ള വൈദ്യുതി കണക്ഷനും ഫാമിലെത്തിക്കാനാകുന്നില്ല.
വഴിയിൽ ഉപേക്ഷിച്ചുപോയവർക്ക് താങ്ങും തണലുമായിനിന്ന് പ്രവർത്തിക്കുന്ന കള്ളിമാലി കരുണാഭവനിലെ അന്തേവാസികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നിത്യചെലവുകൾക്കടക്കം വലിയ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കരുണാഭവൻ മാനേജിംഗ് ട്രസ്റ്റി ട്രീസയും ഭർത്താവ് തങ്കച്ചനും ഹൈറേഞ്ചിൽ ഏറെ വിപണിസാധ്യതയുള്ള മത്സ്യകൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചത്.
യൂണിയൻ ബാങ്കിൽനിന്നും ആറുലക്ഷം രൂപ വായ്പയെടുത്ത് കൊച്ചിൻ യൂണിവഴ്സിറ്റിയുടെ സഹായത്തോടെയാണ് തങ്കച്ചൻ അഞ്ചുസെന്റ് സ്ഥലത്ത് 48 അടി നീളവും 43 അടി വീതിയുമുള്ള കുളം നിർമിച്ച് അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. വിപണിയിൽ വൻഡിമാന്റുള്ള ഗിഫ്റ്റ് തിലോപ്പിയ കൃഷി ചെയ്യുന്നതിന് ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ആവശ്യമാണ്.
എന്നാൽ കഴിഞ്ഞ ഒരുവർഷമായി ലൈസൻസ് നൽകുന്നതിന് കുമളിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും ലൈസൻസില്ലാത്തതിനാൽ മത്സ്യകൃഷിക്ക് ലഭിക്കുന്ന സബ്സിഡി നിരക്കിലുള്ള വൈദ്യുതി ലഭിച്ചിട്ടില്ലെന്നും തങ്കച്ചൻ പറയുന്നു. കുളത്തിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടറുകളടക്കം തുരുന്പെടുത്തു നശിക്കുകയാണെന്നും ഇവർ പറയുന്നു.