രാജാക്കാട്: കാലവർഷക്കെടുതിയിൽ തകർന്ന ഹൈറേഞ്ചിലെ റോഡുകൾ താത്കാലികമായി ഗതാഗതത്തിനു തുറന്നെങ്കിലും തുലാമഴയെത്തിയതോടെ വീണ്ടും ശോചനീയാവസ്ഥയിലായി. കാൽനടപോലും സാധ്യമാകാത്ത വിധത്തിൽ ചെളിക്കുണ്ടായിമാറിയ റോഡിലൂടെ സ്കൂൾ വാഹനങ്ങളടക്കം കടന്നുവരാതായതോടെ പ്രതിസന്ധി വർധിച്ചിരിക്കുകയാണ്.
പ്രളയക്കെടുതിയിൽ ഹൈറേഞ്ചിലെ നാഷണൽ ഹൈവേ മുതൽ നാട്ടുപാതവരെ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പാടേ തകർന്നിരുന്നു. ആഴ്ചകൾ എടുത്താണ് ഇത്തരം റോഡുകളിലൂടെ ഗതാഗതം താൽകാലികമായി പുനഃസ്ഥാപിച്ചത്. പല റോഡുകളിലേക്കും വീണുകിടക്കുന്ന മണ്ണും വലിയ മരങ്ങളും പാറക്കല്ലുകളും പൂർണമായി നീക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
പൊതുമരാമത്ത് റോഡുകൾക്ക് ഫണ്ടുലഭിക്കാൻ സാധ്യതയുണ്ടെങ്കിലും പഞ്ചായത്തു റോഡുകളുടെ നില പരുങ്ങലിലാണ്. യാത്രാദുരിതത്തിന് അറുതിവരുത്തുന്നതിനായി വലിയ രീതിയിലുള്ള പരിശ്രമം ദേശീയപാത വിഭാഗവും പിഡബ്ല്യുഡിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിവരുന്നതിനിടയിലാണ് തുലാമഴ ഹൈറേഞ്ചിൽ ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതോടെ മണ്ണ് നീക്കംചെയ്ത് താൽകാലികമായി ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്ന റോഡുകൾ എല്ലാംതന്നെ വീണ്ടും താറുമാറായി. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്നുണ്ട്.
രാജാക്കാട്, ബൈസണ്‍വാലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുല്ലക്കാനം – ജോസ്ഗിരി റോഡും തകർന്ന അവസ്ഥയിലാണ്. റോഡ് ശോചനീയാവസ്ഥയിലായതോടെ ചെറുവാഹനങ്ങൾപോലും ഈ മേഖലയിലേക്ക് എത്തുന്നില്ല. കൊച്ചുമുല്ലക്കാനം റോഡുവഴി ദൂരം കൂടുതൽ സഞ്ചരിച്ചാണ് ഈ പ്രദേശങ്ങളിലുള്ളവർ വാഹനയാത്ര നടത്തുന്നത്. മഴ ശക്തമായി തുടർന്നാൽ ഹൈറേഞ്ചിലെ റോഡുകൾ കൂടുതൽ ശോചനീയാവസ്ഥയിലാകും.