മറയൂർ: തെങ്ങുകളിൽനിന്നും തേൻകണങ്ങൾ പൊഴിയുന്നു. മറയൂർ സഹായഗിരി അഭയ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തെ തെങ്ങുകളിൽ നിന്നുമാണ് മധുരമുള്ള തുള്ളികൾ നിരന്തരമായി താഴെവീഴുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ പ്രതിഭാസം തുടരുകയാണ്. തെങ്ങിന്റെ ഓലയുടെ അറ്റത്തുനിന്നുമാണ് തുള്ളികൾ താഴേക്കു പതിക്കുന്നത്. സമീപ തെങ്ങുകളിൽനിന്നും ഇതുപോലെ തുള്ളികൾ വീഴുന്നുണ്ട്.
വിവരം മറയൂർ കൃഷി ഓഫീസർ പ്രിയ പീറ്ററെ അറിയിച്ചു. പ്രിയ പീറ്റർ, പി.എസ്. നിഷാദ് എന്നീ കൃഷിവകുപ്പ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് മധുരമുള്ള തുള്ളികളാണെന്നു കണ്ടെത്തിയത്.
എന്നാൽ തേൻതുള്ളികൾ കീടബാധ മൂലമെന്ന് കൃഷി ഓഫീസർ പറഞ്ഞു. മുഞ്ഞ, ശൽക്ക കീടങ്ങൾ എന്നീ രണ്ടുതരം കീടങ്ങൾ തേൻതുള്ളി പോലെയുള്ള ദ്രാവകം ഉത്പാദിപ്പിക്കും. ഇവ മധുരമുള്ള കണങ്ങളായിരിക്കും. ഇവ ഇലകളെ ബാധിക്കുന്നു. കൂടാതെ ഈ തേൻതുള്ളികളിൽ പൂപ്പൽ ബാധ (സൂട്ടി മോൾഡ്) ഉണ്ടാക്കും.
ഇതു ബാധിക്കുന്ന ചെടിയിലും താഴെനില്ക്കുന്ന ചെടികളിൽ തേൻകണങ്ങൾ വീണാൽ ആ ചെടിയേയും ബാധിക്കും. ഇതുമൂലം ഇലകളിൽ കറുത്ത ഒരു ആവരണംപോലെ ഉണ്ടാവുകയും പ്രകാശസംശ്ലേഷണത്തെ ബാധിക്കുകയും ചെയ്യുമെന്ന് കൃഷി ഓഫീസർ പ്രിയ പീറ്റർ പറഞ്ഞു.