രാജകുമാരി : ചിന്നക്കനാൽ നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ട കൊലപാതകക്കേസിൽ പ്രതി ബോബിൻ ധരിച്ചിരുന്ന വസ്ത്രവും കൊലചെയ്യപ്പെട്ടവരുടെ മൊബൈലും സേനാപതി ഇല്ലിപ്പാലത്ത് പുഴയിൽ നിന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടി മൊബൈൽ ഫോണുകളും വസ്ത്രവും പുഴയിൽ ഉപേക്ഷിച്ചതായി ബോബിൻ പോലീസിനോട് പറഞ്ഞിരുന്നു.
രക്തക്കറപുരണ്ട ഷർട്ടും ധരിച്ചിരുന്ന മുണ്ടും മാറ്റി പകരം കൊല്ലപ്പെട്ട ജേക്കബ് വർഗീസിന്റെ ടീ ഷർട്ടും വസ്ത്രങ്ങളും ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്. വസ്ത്രം മാറിയതിനൊപ്പം കൊല്ലപ്പെട്ട ജേക്കഫ് വർഗീസിന്റെയും, മുത്തയ്യയുടേയും മൊബൈൽ ഫോണുകളും ഇയാൾ കൈക്കലാക്കിയിരുന്നു.
ഇവിടെ നിന്നും മോഷ്ടിച്ച കാറിൽ പ്രതി സേനാപതി ഇല്ലിപ്പാലത്തിലെത്തി പുഴയിൽ കൈയും കാലും കഴുകിയതിനു ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും മൊബൈൽഫോണുകളും പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവ പുഴയിൽ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി. ആദ്യ ദിവസം നടത്തിയ തെരച്ചിലിൽ വസ്ത്രം കണ്ടെത്തി.
എന്നാൽ മൊബൈൽ ഫോണ്‍ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പോലീസ് ഫയർഫോഴ്സ് സ്കൂബാ ടീമിന്റെ സഹായത്തോടെ വീണ്ടും തെരച്ചിൽ നടത്തിയത്. ശാന്തന്‍പാറ സിഐ എസ്. ചന്ദ്രകുമാർ, എസ്ഐ. വി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.